മട്ടന്നൂർ: മട്ടന്നൂർ പരിയാരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ പെരുവയൽക്കരി – പുലിയങ്ങോട് റോഡരികിലെ പറമ്പിൽ വച്ചുണ്ടായ സ്ഫോടനത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി പെരുവയൽക്കരിയിലെ വിജയൻ – പുഷ്പ ദമ്പതികളുടെ മകൻ കെ.വിജിലിനാണ് (14) പരിക്കേറ്റത്. സ്ഫോടനത്തിൽ വിദ്യാർഥിയുടെ മുഖത്തും കൈയ്ക്കുമാണ് പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിജിലിന്റെ ഇരു കണ്ണുകൾക്കും തകരാർ സംഭവിച്ചതിനാൽ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ ഇരു വിരലുകളും ചിതറിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം റോഡരികിലെ ഗ്രൗണ്ടിൽ വച്ചു ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ചപ്പുചവറുകൾക്കിടയിൽ നിന്ന് ലഭിച്ച സ്റ്റീലിന്റെ സാധനം തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നു പറയുന്നു.
മുഖത്തും കൈയ്ക്കും പരിക്കേറ്റ വിദ്യാർഥിയെ നാട്ടുകാരനായ ഒരാളാണ് സ്കൂട്ടറിൽ കയറ്റി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംഭവം അറിഞ്ഞ് എത്തിയ മട്ടന്നൂർ എസ്ഐ ടി.വി.ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സ്റ്റീലിന്റെ ചീളുകൾ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡും ഫോറൻസിക് വിദ്ഗദ്ധരും സ്ഥലത്തെത്തി ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും പരിശോധന നടത്തി.
പരിശോധന പൂർത്തിയായാൽ മാത്രമേ പൊട്ടിയത് എന്താണെന്ന് മനസിലാകും. പന്നിയ്ക്ക് വച്ച പടക്കം പൊട്ടിയതാണെന്നാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിയവർ പറഞ്ഞത്. പിന്നീട് ബോംബ് സ്ഫോടനം നടന്നതായും പ്രചരണമുണ്ടാകുകയായിരുന്നു. പ്രദേശത്തെ കിണറിലെ പാറപൊട്ടിക്കാൻ കൊണ്ടുവന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണെന്നും പറയപ്പെടുന്നുണ്ട്.