പയ്യന്നൂര്‍: പയ്യന്നൂരിന് സമീപമുള്ള കോറോത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് സമീപത്തും കാരയില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്തും ബോംബ് സ്ഫോടനം. വിരമറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും സ്ഫോടനത്തെപ്പറ്റി അന്വേഷണമാരംഭിക്കുകയും ചെയ്തു.
ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണന്റെ കോറോം നോര്‍ത്തിലെ വീടിന് മുന്നിലെ റോഡില്‍ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസ് ഇന്നു രാവിലെവരെ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്ഫോടന സ്ഥലത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കാരയില്‍ പി.രാജേഷിന്റെ വീടിനടുത്തുള്ള കാരയില്‍ പാലത്തിന് സമീപം റോഡില്‍ ബോംബ് സ്ഫോടനമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍കണ്ട് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുകയാണെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ പോലീസ് സ്വീകരിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.