തലശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട്ടാണു സംഭവം.
ചെണ്ടയാട് കാട്ടിന്റവിട ഷെറിൻ (31) ആണ് മരിച്ചത്. പരിക്കേറ്റ ചെണ്ടയാട് വലിയപറന്പത്ത് വിനീഷി (39)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പുത്തൂർ കല്ലായിന്റവിട അശ്വന്ത് (33), കുന്നോത്ത് പറന്പ് ചിറക്കരാങ്ങിൻമേൽ വിനോദ് (31) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടെനിന്നു ബോംബുകൾ നിർമിച്ച് കടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ വിനീഷിന്റെ ഇരുകൈകളും അറ്റ നിലയിലാണ്. വിനോദിന്റെ കണ്ണുകൾക്കാണ് പരിക്ക്. മരിച്ച ഷെറിന്റെ മുഖത്തും കണ്ണിനും വയറിനുമായിരുന്നു പരിക്കേറ്റത്. ഷെറിനെയും വിനീഷിനെയും ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിനിടെയാണ് ഷെറിൻ മരിച്ചത്.
സ്ഫോടനശബ്ദം കിലോമീറ്ററുകൾക്ക് അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലാക്കിയത്. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, കുത്തുപറമ്പ് എസിപി കെ.വി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തും പരിസര പ്രദേശത്തും പരിശോധന നടത്തി. കൂത്തുപറമ്പ് എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പാനൂർ എസ്എച്ച്ഒ പ്രേംസദന്റെ സംഘത്തിനാണ് കേസന്വേഷണ ചുമതല. സംഭവസ്ഥലം കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും. ചമ്പാട് കുറിച്ചക്കര നെല്ലിയുള്ള പറമ്പത്ത് പരേതനായ പുരുഷു- കാട്ടിന്റവിട ശാരദ ദമ്പതികളുടെ മകനാണ് ഷെറിൽ. സഹോദരൻ: ശരത്ത്.
സ്ഫോടന സംഭവത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ല: സിപിഎം
തലശേരി: പാനൂർ മൂളിയാത്തോട് സ്ഫോടനത്തില്‍ ഒരാൾ മരിക്കുകയും മറ്റു ചിലർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പാർട്ടിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള പറഞ്ഞു.
പരിക്കുപറ്റിയ വിനീഷ്, മരിച്ച ഷെറിൽ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ്. ഈ ഘട്ടത്തില്‍ തന്നെ ഇവരെ പാര്‍ട്ടി തളളി പറഞ്ഞിരുന്നു. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തത്തിലാണ് പാർട്ടി ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞത്.
സ്ഫോടനത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന നിലയിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണം ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ്. സ്ഫോടനവുമായി ബന്ധപ്പെട്ടു സമഗ്രവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടു.