തലശേരി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമാധാന ചർച്ച നടക്കാൻ മണിക്കൂർ ബാക്കി നിൽക്കെ തലശേരിയിൽ ബോംബേറ്. നഗരത്തോട് ചേർന്നുള്ള ചാലിലാണ് ഇന്നലെ രാത്രി ഒന്പതോടെ ഉഗ്ര സ്ഫോടനം നടന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ റോഡിലാണ് സ്ഫോടനം നടന്നത്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട ജനങ്ങൾ പരിഭ്രാന്തിയിലായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വിവരമറിഞ്ഞ് ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. സ്ഥലത്തു നിന്നും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചാലിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു.
ചാലിൽ പ്രദേശത്ത് നിലനിൽക്കുന്ന സമാധാനന്തരീക്ഷം തകർക്കാനുള്ള ഫാസിസ്റ്റ്-മാർക്സിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമാണ് ഇന്നലെ രാത്രി നടന്ന ബോംബേറെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിലക്കു നിർത്താൻ പോലീസ് തയാറാകണമെന്നും മുസ്്ലിം യൂത്ത് ലീഗ് തലശേരി മണ്ഡലം പ്രസിഡന്റ് തസ്ലീം ചേറ്റംകുന്നും ജനറൽ സെക്രട്ടറി റഷീദ് തലായിയും ആവശ്യപ്പെട്ടു. പൊന്ന്യം കുണ്ടു ചിറയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ ബോംബേറിൽ ഒരു സിപിഎം പ്രവർത്തകന് പരിക്കേറ്റിരുന്നു.