തലശേരി: കതിരൂർ ഏഴാം മൈലിൽ ബിജെപി -സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് ബോംബേറ്. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. സിപിഎം കനാൽ കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂർ ഏഴാം മൈൽ റോസിൽ രഞ്ജിത്ത്, ബിജെപി പ്രവർത്തകൻ തള്ളോട് വാഴയിൽ അക്ഷയ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്.
സ്ഫോടനത്തിൽ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈൽസും തകർന്നു. സ്റ്റീൽ ബോംബാണ് രഞ്ജിത്തിന്റെ വീടിനു നേരെ അക്രമികൾ എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസ് നിഗമനം.
അക്ഷയുടെ വീട്ടു മുറ്റത്ത് വീണാണ് ബോംബ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു.സംഭവമറിഞ്ഞ് എഎസ്പി അരവിന്ദ്സുകുമാർ, കതിരൂർ എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.