തലശേരി: കതിരൂർ നായനാർ റോഡിലും നാലാംമൈലിലും ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് ബോംബേറ്. നാലാംമൈലിൽ സനത്തിന്റെ വീടിനും നായനാർ റോഡിൽ സുരഭിലം വീട്ടിൽ സുരഭിലിന്റെ വീടിനും നേരെയാണ് ഇന്ന് പുലർച്ചെ ഒന്നോടെ ബോംബേറുണ്ടായത്.
ബോംബേറിൽ സുരഭിലിന്റെ വീടിന്റെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു.
സ്ഫോടനത്തിന്റെ ശക്തിയിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ പലതും വീണുടഞ്ഞു. സനത്തിന്റെ വീടിന്റെ മുന്നിലെ തെങ്ങിൽ തട്ടിയാണ് ബോംബ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ സംഭവസ്ഥലത്തെത്തി. സ്വർണക്കടത്തും അനധികൃത നിയമനവും അഴിമതിയും മൂലം സമൂഹത്തിൽ ഒറ്റപ്പെട്ട സിപിഎം ജനശ്രദ്ധ തിരിച്ചു
വിടാനുള്ള പതിവ് പരിപാടിയുടെ ഭാഗമാണ് ബി ജെ പി പ്രവർത്തകരുടെ വീടിനു നേരെയുള്ള ബോംബാക്രമണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. മലാലിൽ സിപിഎം അക്രമത്തെ തുടർന്ന് വീട് ഉപേക്ഷിച്ചു പോയ പ്രവർത്തകയുടെ വീട് കഴിഞ്ഞ ദിവസം തകർത്തിരുന്നു.
അയൽവാസികളാണ് അക്രമ വിവരം മറ്റൊരു സ്ഥലത്ത് താമസമാക്കിയ പ്രവർത്തകയെ വിളിച്ചറിയിച്ചത്. സ്വന്തം അണികൾക്ക് പോലും വിശ്വാസം നഷ്ടപ്പെട്ട സി പി എം കണ്ണൂർ ജില്ലയിൽ അക്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഹരിദാസ് പറഞ്ഞു.