കൊല്ലം : അടുത്തിടെയായി ബോംബ് ഭീഷണിക്ക് കൊല്ലം ജില്ലയിൽ ഒരു ക്ഷാമവുമില്ല. ഇന്നലെ രാത്രിമുഴുവൻ പാരിപ്പള്ളി പോലീസിനെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണിക്ക് അറുതിയുണ്ടായത് സന്ദേശം നൽകിയയാളെ പോലീസ് വീട്ടിൽ പോയി പൊക്കിയതോടെയാണ്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുള്ളതായി ഫോണിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞത്. പോലീസ് ഈ സന്ദേശം ജില്ലാപോലീസ് അധികൃതർ ഉൾപ്പടെയുള്ളവർക്ക് കൈമാറി.
സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡോഗ്സ്്ക്വാഡ്, ബോംബ് സ്ക്വാഡ് ഉൾപ്പടെയുള്ളവരെ ത്തി പോലീസ് സ്റ്റേഷനാകെ അറിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിന് സന്ദേശം നൽകിയ ഫോണിന്റെ ഉടമയെ സൈബർ സെല്ലിന്റെ സഹായത്തോടെ രാത്രിയിൽതന്നെ കണ്ടെത്തി.
ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ അനന്തരവന്റെ കൈയിലാണ് ഫോണെന്ന് പറഞ്ഞു. വേളമാനൂർ സ്വദേശിയായ അനന്തരവന്റെ വീട്ടിലെത്തി പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും മദ്യലഹരിലായിരുന്ന ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.
ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലാണ് ഇയാളിപ്പോൾ. പോലീസ് കൂടുതൽ വിവരങ്ങൾ ഇയാളെപ്പറ്റി അന്വേഷിച്ചുവരികയാണ്.
അതിനുശേഷമേ തുടർ നടപടികളുണ്ടാകുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ കൊല്ലം കളക്ടറേറ്റിലേക്കും ബോംബ് ഭീഷണി വന്നിരുന്നു.