നാദാപുരം: സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ വളയത്തിനടുത്ത ചെറുമോത്ത് പള്ളി മുക്കില്‍ 20 നാടന്‍ ബോംബുകളും രണ്ട് സ്റ്റീല്‍ ബോംബുകളും വെടി മരുന്നും കണ്ടെത്തി. പള്ളിമുക്കിലെ മങ്ങാരത്ത് ഫൈസലിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീടിനുള്ളില്‍ പ്ലാസ്റ്റിക്ക് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ് ശേഖരം.
ഫൈസല്‍ വിദേശത്താണ് രാവിലെ ആറരയോടെ വീട്ടില്‍ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളാണ് ബോംബ് ശേഖരം കണ്ടെത്. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ ഓവ് ചാലിനുള്ളില്‍ രണ്ട് സ്റ്റീല്‍ ബോംബും,സമീപത്തെ മറ്റൊരു ഓവ് ചാലില്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ 500 ഗ്രാം വെടി മരുന്നും കണ്ടെത്തി.
പൊതിച്ച തേങ്ങയുടെ വലുപ്പമുള്ള ബോംബില്‍ തീ കത്തിച്ചെറിയാനായി തിരി ഘടിപ്പിച്ച നിലയിലാണ്. ബോംബ് ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ പോലീസ് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.വളയം എസ്ഐ രാംജിത്ത് പി ഗോപിയുടെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും,പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
അതേസമയം ഒ.പി.മുക്കില്‍ സിപിഎം അനുഭാവിയുടെ വീടിനുനേരെ സ്റ്റീല്‍ ബോംബെറിഞ്ഞു. സിപിഎം അനുഭാവി തോലോല്‍ സുരേന്ദ്രന്റെ വീടിന് നേരെയാണ് അക്രമികള്‍ സ്റ്റീല്‍ ബോംബെറിഞ്ഞത് . വീടിന്റെ മുന്‍ഭാഗത്തെ ഭിത്തിയില്‍ പതിച്ച ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടി തെറിച്ചു.രാത്രി പന്ത്രണ്ട് മണിയോടെയാണ് ബോംബേറുണ്ടായത്.