ആലങ്ങാട്: മാളികം പീടിക തടിക്കക്കടവിൽ ഓടികൊണ്ടിരിക്കുന്ന കാറിനു നേരേ ബോംബേറിഞ്ഞ സംഭവത്തിൽ ഇതര സംസ്ഥനത്തുനിന്നു കേരളത്തിൽ വില്പനയ്ക്കെത്തിച്ച കഞ്ചാവിനെ ചൊല്ലിയുള്ള കുടിപ്പകയെന്ന് പോലീസിന് സൂചന.
മാളികംപീടിക തടിക്കക്കടവ്-തണ്ടിരിക്കൽ റോഡിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.പെരുമ്പാവൂർ വല്ലം സ്വദേശി ബിജു സഞ്ചരിച്ചിരുന്ന കാറിനുനേരേ മറ്റൊരു കാറിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.
കാറിന്റെ മുൻ ഭാഗത്ത് പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കാറോടിച്ചിരുന്ന ബിജു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോംബ് എറിഞ്ഞ വാഹനം സംഭവശേഷം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാളികം പീടിക മുതൽ തടിക്കക്കടവ് വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
ഗുണ്ടാവിളയാട്ടം
ഇതര സംസ്ഥനത്തുനിന്നെത്തിച്ച കഞ്ചാവിന്റെ വില്പനയെ ചൊല്ലിയുള്ള തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കോട്ടപ്പുറം, തടിക്കക്കടവ് മേഖല കേന്ദ്രീകരിച്ചു ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടക്കുന്നതായി പരാതിയുണ്ട്.
കഴിഞ്ഞ മാസം കോട്ടപ്പുറത്തെ ഫ്ലാറ്റ് സമുച്ചയത്തിൽനിന്നും കഞ്ചാവും മരകായുധങ്ങളുമായി ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ബോംബ് കേസുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്നയാൾ ആദ്യം താമസിച്ചിരുന്നത് ഈ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു. പിന്നീട് ഇയാൾ തടിക്കക്കടവ് ഭാഗത്തേക്കു താമസം മാറിയെന്നാണ് വിവരം.
അവശിഷ്ടങ്ങളിൽ…
ബോംബ് പൊട്ടിയ സ്ഥലം ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കൂടാതെ ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തിയിരുന്നു.
റോഡിൽനിന്നും പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക്ക് ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇതിൽ ഫൈബറെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിശദമായി ഫോറൻസിക് പരിശോധനയ്ക്കു ശേഷം ഫലം വന്നെങ്കിലേ എന്തുതരം ബോംബാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകൂ.