അപൂർവ ജനനത്തിന് വേദിയൊരുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ തെള്ളകം കാരിത്താസ് ആശുപത്രി. അത്യപൂർവമായ രക്തഗ്രൂപ്പ് ആയ ബോംബെ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട യുവതിയാണ് കാരിത്താസ് ആശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്ത്യയിൽ അത്യപൂർവമാണ് ഈ രക്ത ഗ്രൂപ്പ്. ഇതുവരെ 179 പേർക്കാണ് ഈ രക്ത ഗ്രൂപ്പ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.
കുമളി പന്തമാക്കൽ ഷിജോ തോമസിനും ആഗ്നസ് ലൂർദ് മേരിക്കുമാണ് ആൺകുഞ്ഞ് പിറന്നത്. ആഗ്നസ് ചെന്നൈ സ്വദേശിനിയാണ്. ഷിജോ ചെന്നൈയിൽ ഉദ്യോഗസ്ഥനാണ്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ശനിയാന്ഴ്ച രാവിലെ സിസേറിയനിലൂടെയായിരുന്നു ജനനം. കട്ടപ്പനയിലെ ആശുപത്രിയിൽനിന്നു റഫർ ചെയ്താണ് ഇവർ കാരിത്താസിൽ എത്തിയത്. തുടർന്നുള്ള പരിശോധനയിൽ ബോംബെ ബ്ലഡ് ഗ്രൂപ്പ് ആണെന്നു തിരിച്ചറിഞ്ഞു. ഈ ഗ്രൂപ്പിൽ പെട്ടവർക്കു ഡോണറെ കണ്ടെത്തുകയെന്നതു ദുഷ്കരമാണ്. അതിനാൽ പല ആശുപത്രികളും ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കാറുണ്ട്.
ഒ പോസിറ്റീവ് ആണെന്നു കരുതിയാണ് ദന്പതികൾ എത്തിയത്. അത്യപൂർവ ഗ്രൂപ്പായ ബോംബെ ഗ്രൂപ്പ് ആണെന്നറിഞ്ഞതോടെ അൽപ്പം ആശങ്കയിലായി. എങ്കിലും ആശുപത്രി അധികൃതർ ആത്മവിശ്വാസം പകർന്നു. ദൈവത്തിന്റെ കൈ എന്നതുപോലെ ബ്ലഡ് ഡോണേഴ്സ് കേരള സഹായത്തിനെത്തി. ഇവരാണ് രണ്ടു പേരെ കണ്ടെത്തി രക്തം കൊടുത്തത്. സോഷ്യൽ മീഡിയയിലും ഇതു സംബന്ധിച്ച വ്യാപക പ്രചാരണം നടത്തിയിരുന്നു.
എറണാകുളത്തുനിന്നുള്ള ജയപ്രകാശ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷബീബ് എന്നിവരാണു യാതൊരു പ്രതിഫലവും വാങ്ങാതെ രക്തം നൽകിയത്. ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധികളായ സമീർ പെരിങ്ങാടി, സെക്രട്ടറി ജോമോൻ എന്നിവരാണു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത്. കൂടുതൽ രക്തം വേണ്ടിവന്നാൽ നൽകാൻ തയാറായി ആദർശ് എന്ന ഡോണറും കാത്തുനിന്നിരുന്നു. ഇതിനൊപ്പം ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായങ്ങളും തുണയായി.
ഇവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നു ഷിജോ പറയുന്നു. ഈ സംഭവം രക്തദാനത്തിന്റെ മഹത്വം തന്നെ ബോധ്യപ്പെടുത്തിയെന്നും താനും ബ്ലഡ് ഡോണേഴ്സ് കേരളയിൽ ചേരുമെന്നും ഷിജോ ദീപികയോടു പറഞ്ഞു.
സാധാരണയുള്ള എ, ബി, ഒ ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് എച്ച് എന്ന ആന്റിജൻ. ഈ ആന്റിജൻ ഇല്ലാത്തവരാണ് ബോംബെ ഗ്രൂപ്പുകാർ. ഒരു എൻസൈമിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്കു കാരണം. ഗ്രൂപ്പ് നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടേത് ഒ ഗ്രൂപ്പായി കാണിക്കും. ഇതുകൊണ്ട് ആഗ്നസിന്റേതും ഒ ഗ്രൂപ്പ് എന്നായിരുന്നു അവർ ധരിച്ചിരുന്നത്. എന്നാൽ, കൂടുതൽ പരിശോധനയിൽ ഇതു കൃത്യമായി കണക്കാക്കാനാകും. ഒഎച്ച് എന്നാണ് ഈ ഗ്രൂപ്പുകാരെ രേഖപ്പെടുത്തുന്നത്.
1952ൽ മുംബൈയിൽ ഡോ.ഭെൻഡേയാണ് ഈ ഗ്രൂപ്പ് തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും കർണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ഈ ഗ്രൂപ്പ് ഉള്ളവരെ കൂടുതൽ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിനു ബോംബെ ഗ്രൂപ്പ് എന്ന പേരു വീണത്.