തിരുവനന്തപുരം: എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തില്‍ വൃദ്ധൻ മരിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പ്രതിപക്ഷം. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഗ്രൂപ്പ് പോരിന് വരെ സിപിഎം ബോംബ് ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം ആയുധം താഴെ വയ്ക്കാൻ തയാറാകണം. ബോംബ് നിർമ്മാണം എന്ന് മുതൽ സന്നദ്ധ പ്രവർത്തനമായെന്നും സതീശൻ ചോദിച്ചു. ക്രിമിനലുകൾ എങ്ങനെ രക്തസാക്ഷികളായെന്നും സതീശൻ ചോദിച്ചു.
പാനൂരിൽ ഉണ്ടാക്കിയ ബോംബുകൾ ആർഎസ്എസുകാരെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. സിപിഎം ഏത് യുഗത്തിലാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ ബഹളം വച്ച ഭരണപക്ഷ എംഎൽഎ സച്ചിൻദേവിനെ അദ്ദേഹം പരിഹസിച്ചു. കെഎസ്്ആർടിസി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യം അല്ല പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയനോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ ബോംബ് നിർമാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്.പാർട്ടി ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
പഴയ ചരിത്രം പരിശോധിച്ചാൽ എന്തൊക്കെ പറയണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.ഡിസിസി ഓഫീസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ച നില വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു