കാട്ടാക്കട : എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറിയുടെ വീടിനു നേരെ പെട്രോൾ ബോംബേറ്.
മലയിൻകീഴ് കുണ്ടമൺകടവ് വട്ടവിള വിമൽ ഹൗസിൽ വിപിൻദാസിന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ 2.30 ന് പെട്രോൾ ബോംബേറ് നടന്നത്.
വീടിന്റെ ജനൽചില്ലകൾ തകർന്നു. വീട്ടിൽ വിപിൻദാസ് ഉണ്ടായിരുന്നില്ല. അച്ഛൻ ക്രിസ്തുദാസും അമ്മ ശാലിനിയും സഹോദരൻ വിമൽദാസുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉഗ്രൻ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്. ഉണർന്ന് നോക്കുമ്പോഴാണ് സ്ഫോടനം നടന്നതായി കാണുന്നത്.
വീടിന്റെ മുന്നിൽ പെട്രോൾ ബോംബിന്റെ അവശിഷ്ടങ്ങൾ ചിതറികിടപ്പുണ്ട്. വീടിനു നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിൽ എം.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് പഠിക്കുകയാണ് വിപിൻദാസ്.
യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ അടുത്തിടെ ബിജെപി ദേശീയ പ്രസിഡന്റ് തലസ്ഥാനത്തു വരുന്നതുമായി ബന്ധപ്പെട്ട് കൊടി നാട്ടാൻ ശ്രമം നടന്നിരുന്നു.
എന്നാൽ കോളജിനു മുന്നിൽ കൊടി നാട്ടാൻ വിദ്യാർഥികൾ സമ്മതിച്ചില്ല. എന്നാൽ ബിജെപി നേതാക്കൾ കൊടി കെട്ടാൻ ശ്രമിച്ചു. തുടർന്ന് അവിടെ സംഘർഷവും തല്ലും നടന്നിരുന്നു.
യൂണിറ്റ് സെക്രട്ടറി എന്ന നിലയിൽ താൻ ബിജെപിയുടെ നീക്കം ചെറുക്കാൻ മുന്നിൽ നിന്നിരുന്നതായും അതിന്റെ വൈരാഗ്യത്തിൽ തന്നെ തകർക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും വിപിൻദാസ് പറഞ്ഞു.
ഇവരാകാം അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി വിപിൻദാസ് പറഞ്ഞു. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും പ്രതികളെ പിടിക്കാനും ശ്രമം തുടങ്ങിയതായി മലയിൻകീഴ് സി.ഐ അറിയിച്ചു.