യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിലും നമ്മുടെ ചുറ്റുവട്ടത്തും ഒരുപോലെ കത്തിനിൽക്കുകയാണല്ലോ…
ലോക പോലീസായ അമേരിക്ക പോലും വാക്കുകൾ കൊണ്ടുള്ള ആക്രമണം മാത്രമാണ് നടത്തുന്നത്.
നേരിടുന്നത് ഒരുപക്ഷെ ഒരു വലിയ യുദ്ധത്തിലേക്കു പോലും നയിച്ചേക്കാം.
മാത്രമല്ല, ആയുധ ശക്തിയിൽ റഷ്യ ചില്ലറക്കാരല്ല. അരങ്ങിലും അണിയറയിലും എന്തെല്ലാം ആയുധങ്ങളാണ് വരാനിരിക്കുന്നതെന്നുപോലും ആർക്കു പറയാനാകാത്ത സ്ഥിതി.
യുദ്ധം ഒരു നാടിനെയും നാട്ടുകാരെയും വേട്ടയാടുന്പോൾ ആ നാടിനെ മാത്രമല്ല, ലോകത്തപ്പോലും ഇല്ലാതാക്കാൻ ശേഷിയുള്ള ആയുധങ്ങൾ ചില രാജ്യങ്ങളുടെ രഹസ്യമായി നിലകൊള്ളുന്നുവെന്നു നാം ആശങ്കപ്പെടേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തിന്റെ ശേഖരത്തിലും ഇത്തരം രഹസ്യ ആയുധങ്ങളുണ്ടാകാം.
യുദ്ധത്തിന്റെ പശ്ചാത്തലം നാം ചിന്തിക്കുന്പോൾ മനസിലെത്തുക നിറതോക്കുകളുടെ വെടിയൊച്ചകൾ മാത്രമല്ല, ബോംബുകളുടെ സ്ഫോടനശേഷിയും കൂടിയാണ്.
അത്തരത്തിൽ യുദ്ധ പശ്ചാത്തലത്തിലെ ചില ബോംബുകഥകൾ ഇത്തവണ പരിചയപ്പെടാം…
ഉഗ്രശേഷിയുള്ള വാക്വം ബോംബ്
യുക്രെയ്ൻ – റഷ്യ യുദ്ധ സാഹചര്യം ഉടലെടുത്തപ്പോൾ നാം കേട്ട വാർത്തയായിരുന്നു റഷ്യ യുക്രെയ്നിൽ വാക്വം ബോംബ് പ്രയോഗിച്ചെന്ന ആരോപണങ്ങൾ. എന്താണ് വാക്വം ബോംബ്?
ആണവായുധം കഴിഞ്ഞാൽ ഏറ്റവും ഉഗ്രശേഷിയുള്ള ബോംബായാണ് വാക്വം ബോംബ് അറിയപ്പെടുന്നത്.
വാക്വം ബോംബുകളെ തെർമോബാറിക് ബോംബുകളെന്നും പറയും. ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും മാരകമായ ആണവേതര ആയുധമാണിത്.
ഉയർന്ന സ്ഫോടനശേഷിയുള്ളതിനാൽ ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി തകർക്കാൻ ഈ ബോംബിനു ശേഷിയുണ്ട്.
ചുറ്റുമുള്ള വായുവിൽനിന്ന് ഓക്സിജൻ വലിച്ചെടുത്ത് ഉയർന്ന ഉൗഷ്മാവിലാകും സ്ഫോടനം.
ഇതിലൂടെ സാധാരണ സ്ഫോടനാത്മകതയേക്കാൾ ദൈർഘ്യമുള്ള ഒരു സ്ഫോടന തരംഗം ഉണ്ടാവും. സ്ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിച്ചു കളയും.
എല്ലാ ബോംബുകളുടെയും പിതാവ് എന്ന വിശേഷണവും ഇൗ ബോംബിനുണ്ട്. 1960കളിൽ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമോബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്.
തുടർന്ന് സോവ്യറ്റ് യൂണിയനും ഇത്തരം ബോംബുകൾ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.
അതിശക്തൻ ഹൈഡ്രജൻ ബോംബ്
റഷ്യയുടെ ആയുധശക്തിയിലെ രാജാവാണ് ഹൈഡ്രജൻ ബോംബ് അഥവാ തെർമോ ന്യൂക്ലിയർ ബോംബുകൾ.
മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണം ഇതാണെന്നു പറയാം.
സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം കൊണ്ടു പ്രവർത്തിക്കുന്ന ഫിഷൻ ബോംബുകൾ ഒരു പരിധിയിൽ കൂടുതൽ വലുതാക്കാൻ പറ്റില്ല.
പക്ഷേ, തെർമോ ന്യൂക്ലിയർ ബോംബുകളുടെ കാര്യം അങ്ങനെയല്ല. അവയെ എത്ര വേണമെങ്കിലും വലുതാക്കാം.
നികിത ക്രൂഷ്ചേവ് സോവ്യറ്റ് യൂണിയനെ നയിച്ചിരുന്ന കാലത്തായിരുന്നു ഇൗ ശക്തമായ ബോംബിന്റെ ഉത്ഭവം. യുഎസ് -റഷ്യ വൻശക്തികൾ തമ്മിലുള്ള ബന്ധം ഏറ്റവും ഉലഞ്ഞ കാലവുമായിരുന്നു അത്.
സോവ്യറ്റ് റോക്കറ്റ് എൻജിനീയറായ വ്ലാദിമിർ ചേലോമെയ്, 50 ടണ് വരെയുള്ള കൂറ്റൻ ബോംബുകൾ വഹിക്കാൻ കഴിയുന്ന കൂറ്റൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനുള്ള ഒരു പദ്ധതി സോവ്യറ്റ് നേതൃത്വത്തിനു മുന്നിൽ സമർപ്പിച്ചു.
പദ്ധതി ഇഷ്ടപ്പെട്ട സോവ്യറ്റ് ഭരണാധികാരികൾ ഉടൻതന്നെ അംഗീകാരം നൽകി. റോക്കറ്റുകൾ നിർമിക്കാനുള്ള അനുമതിയും സകല സഹായവും ചേലോമെയ്ക്കു നൽകുകയും ചെയ്തു.
സമാന്തരമായി, അന്നേവരെ കണ്ടിട്ടില്ലാത്ത വലിപ്പമുള്ള തെർമോ ന്യൂക്ലിയർ ബോംബിന്റെ നിർമാണവും അവർ തുടങ്ങി.
റഷ്യ അക്കാലംവരെ സൃഷ്ടിച്ചതിൽ ഏറ്റവും മാരകമായ പ്രഹരശേഷിയുള്ള ബോംബായിരുന്നു ലക്ഷ്യം. ലക്ഷ്യം ചെന്നെത്തിയത് ഹൈഡ്രജൻ ബോംബിന്റെ ഉത്ഭവത്തിലേക്കായിരുന്നു.
ശേഷി പലതരം… എല്ലാം വിനാശത്തിന്
yബോംബുകളെ സിവിലിയൻ ബോംബുകളെന്നും മിലിട്ടറി ബോംബുകളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്.
ഇതിൽ കൂടുതലായി നിർമിക്കുന്നതും ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതുമായ ബോംബുകളാണ് മിലിട്ടറി ബോംബുകൾ. യുദ്ധരംഗത്താണ് വ്യാപക ഉപയോഗം.
yഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ് വിഭാഗത്തിൽ വരുന്ന ബോംബുകളെ മൂന്നായി തിരിച്ചിരിക്കുന്നു.
ഒരു സ്യൂട്ട് കേസിലോ പെട്ടിയിലോ വയ്ക്കുന്ന ബോംബുകളാണ് ടൈപ്പ് 76 ബോംബുകൾ. ബോംബർ വിമാനങ്ങളിലൂടെ പ്രയോഗിക്കുന്നവയാണ് ടൈപ്പ് 80 ബോംബുകൾ.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബുകളായി ഉപയോഗിക്കാറുണ്ട്. വെഹിക്കിൾ ബോണ് ഐഇഡി എന്നറിയപ്പെടുന്ന ഇത്തരം ബോംബുകൾ അത്യധികം വിനാശസ്വഭാവമുള്ളവയാണ്.
yറിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബുകൾ ചിലപ്പോൾ താപനിലയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടോ മൊബൈൽ ഫോണുകൾ, റേഡിയോ എന്നീ ഉപകരണങ്ങളുടെ സാന്നിധ്യംകൊണ്ടോ പൊട്ടിത്തെറിക്കാം.
വിദഗ്ധരല്ലാത്തവരുടെ ഇടപെടൽകൊണ്ടും ബോംബ് സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ട്.
yഅപകടകരമായ ബോംബുകളാണ് ആറ്റംബോംബുകളും ഹൈഡ്രജൻ ബോംബുകളും.
വലിയ ഒരു ആറ്റം വിഘടിക്കുന്പോൾ വൻതോതിൽ ഉൗർജം പുറത്തുവിടുന്നു എന്ന അണുവിഘടന (ന്യൂക്ലിയാർ ഫിഷൻ) സിദ്ധാന്തം അടിസ്ഥാനമാക്കിയാണ് ആറ്റം ബോംബുകൾ പ്രവർത്തിക്കുന്നത്.
yവിശാലമായ പ്രദേശത്തു വിനാശകരമായ പദാർഥങ്ങൾ വിതറുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടനശേഷി കുറഞ്ഞ ബോംബുകളാണ് ഡേർട്ടി ബോംബുകൾ. അണുപ്രസരമുള്ള പദാർഥങ്ങൾ, രാസപദാർഥങ്ങൾ എന്നിവയാണ് ഇത്തരം ബോംബുകളിൽ ഉപയോഗിക്കുന്നത്.
yഗ്രീക്ക് ഭാഷയിലെ “ബോംബോസ്’, ലാറ്റിൻ ഭാഷയിലെ “ബോംബസ്’ എന്നീ പദങ്ങളിൽനിന്നാണ് “ബോംബ്’ എന്ന വാക്കുണ്ടായതെന്നു കരുതുന്നു. “മുഴങ്ങുന്നത്’, “മൂളുന്നത്’ എന്നൊക്കെയാണ് ഈ വാക്കുകളുടെ അർഥം.