കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണവീടിനു മുന്നിലെ റോഡിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒരാൾ ഒളിവിൽ. ബോംബ് കൊണ്ടുവരുന്നതിന്റെയും എറിയുന്നതിന്റേയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം. ഏച്ചൂര് ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ബാലക്കണ്ടി ഹൗസില് പരേതനായ മോഹനന് – ശ്യാമള ദമ്പതികളുടെ മകന് ജിഷ്ണു(26) വാണ് കൊല്ലപ്പെട്ടത്.
ബോംബെറിഞ്ഞത് അക്ഷയ്
ബോംബെറിഞ്ഞ സംഭവത്തിൽ ഏച്ചൂർ സ്വദേശി അക്ഷയാണ് അറസ്റ്റിലായത്. അക്ഷയാണ് ബോംബെറിഞ്ഞെതെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ റിജുൽ, സനീഷ്, ജജിൽ എന്നിവരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം നാലായി. ഇനി മിഥുൻ എന്നയാളെ കൂടി പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബേറിനെകുറിച്ച് അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
മിഥുനടക്കം നാല് പേർക്കു ബോബേറിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന. അതേസമയം, ഇവർ ബോംബുണ്ടാക്കിയ ശേഷം എറിഞ്ഞു പരീക്ഷണം നടത്തിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സിപിഎം ബന്ധമുള്ളവരാണ് പ്രതികളെന്നും ബോംബ് നിർമാണത്തിൽ പരിശീലനം ലഭിച്ചവരാണെന്നും ഇത് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഏച്ചൂരിലെ ഒരു കടയിൽ പോയി പടക്കം വാങ്ങി അത് ഉഗ്രസ്ഫോടക വസ്തുവാക്കി മാറ്റിയതു നാലുപേരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ 30 ഓളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കല്യാണത്തിൽ പങ്കെടുത്ത എല്ലാവർക്കും ബോംബേറിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും പ്രതികൾ നാലു പേർ മാത്രമാണെന്നും പോലീസ് പറഞ്ഞു.
ഇവരെ അസി.പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രാഹം, അസി.കമ്മീഷ്ണർ പി.പി. സദാനന്ദൻ, എടക്കാട് സിഐ എം.അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കേസിൽ മുഖ്യപ്രതികളിൽ ഒരാളായ അക്ഷയ് ബോംബുമായി വരുന്നതിന്റെയും എറിയുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ ഹേമന്ത്, രജിലേഷ് , അനുരാഗ് എന്നിവർക്കു പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടേത് സാരമായ പരിക്കാണ്.
ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടടയിലെ സുനിൽ കുമാറിന്റെ മകന്റെ സിന്ദൂരം എന്ന കല്യാണവീടിന് സമീപത്തെ റോഡിലായിരുന്നു സംഭവമുണ്ടായത്.
സ്പീക്കറിനെ ചൊല്ലി തർക്കം; ബോംബേറിൽ കലാശിച്ചു
കല്യാണവീട്ടിൽ ശനിയാഴ്ച അർധരാത്രി 12 ഓടെ ചെറുപ്പക്കാർ പാട്ട് പാടിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഒടുവിൽ ബോംബേറിൽ കലാശിച്ചത്.
തോട്ടട ടീം സ്പീക്കറിൽ പാട്ടു വച്ച് ഡാൻസ് കളിച്ചു വരികയായിരുന്നു. അപ്പോഴാണ് ഏച്ചൂർ ടീം വലിയൊരു സ്പീക്കറുമായി എത്തുകയും പാട്ട് വച്ച് ഡാൻസ് കളിക്കുവാനും തുടങ്ങിയത്.
ഇതു തോട്ടട ടീം തടഞ്ഞു. തങ്ങളുടെ സ്പീക്കറിൽനിന്നു വരുന്ന ഗാനത്തിൽ ഡാൻസ് കളിച്ചാൽ മതിയെന്നും നിങ്ങളുടെ സ്പീക്കർ ഓഫാക്കണമെന്നുമായിരുന്നു ആവശ്യം.
ഇതു ചെറിയ തോതിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന്, ഇന്നലെ ഉച്ചയോടെ ഏച്ചൂർ ടീം ബാൻഡുമേളവും പടക്കം പൊട്ടിച്ചും തോട്ടടയിലെ കല്യാണ വീട്ടിൽ എത്തുകയായിരുന്നു.
തോട്ടടയിലെ നാല്പതോളം വരുന്ന സംഘം ഇവരെ തടയുകയും തുടർന്നു സംഘർഷമുണ്ടാവുകയും ബോംബേറിൽ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവച്ചായിരുന്നു തോട്ടടയിലെ ഷമിൽ രാജിന്റെ വിവാഹം.
വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
വധൂവരൻമാർ വീടിനുള്ളിൽ കയറിക്കഴിഞ്ഞാണ് സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്.