കാട്ടാക്കട : വിദ്യാർഥികളില്ലാതെ ബോണക്കാട് ഗവ.യുപി സ്കൂൾ. ഒരു അധ്യാപകനും തൂപ്പുകാരനും മാത്രമുള്ള ഇൗ സ്കൂളിൽ മൂന്നു പതിറ്റാണ്ട് മുൻപ് വരെ മുന്നൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്നു. ബോണക്കാട്ടെ തൊഴിലാളികൾക്കായി നിർമിച്ച സ്കുളാണ് വിദ്യാർഥികളെ കാത്ത് കഴിയുന്നത്.
ലയങ്ങളിൽ പട്ടിണി പിടിമുറുക്കിയതോടെയാണ് ഈ വിദ്യാലയത്തിനും ഗതികേട് ആരംഭിച്ചത്. ഇതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ വരവ് നിലച്ചു.
1942ലാണ് ബോണക്കാട് തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കൾക്കായി റേഷൻകടയോടു ചേർന്നുള്ള ചായ്പ്പിൽ ബ്രിട്ടീഷ് കമ്പനി കുടിപ്പള്ളിക്കൂടം ആരംഭിച്ചത്.
സ്വതന്ത്ര്യാനന്തരം ഷൈലേഷ് ടി. ഫെൻസാലി 1972 ൽ ഇതിനെ എൽപി സ്കൂളായി ഉയർത്തി. മഹാവീർ പ്ലാന്റേഷൻ എന്നു പേരുള്ള തോട്ടത്തിലെ 300ലധികം വിദ്യാർഥികൾ അറിവിന്റെ ലോകത്തേക്കെത്തി.
നാഗർകോവിൽ റൂറൽ എസ്പിയായിരുന്ന ആർ.ഐ.പ്രസന്ന ഇവിടുത്ത പൂർവവിദ്യാർഥിയായിരുന്നു. നിലവിലുള്ള അധ്യാപകൻ എല്ലാ ദിവസവും സ്കൂളിലെത്തി മടങ്ങും. അടച്ചിട്ട വിദ്യാലയത്തിൽ വവ്വാലും മരപ്പട്ടിയും പ്രാവുകളും കുരങ്ങൻമാരുമൊക്കെയാണ് താമസക്കാർ.