തിരുവനന്തപുരം: ബോണക്കാട് സംഭവവികാസത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ അതിരൂപത നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താനിരുന്ന ഉപവാസ പരിപാടിയും പ്രതിഷേധവും താൽക്കാലികമായി പിൻവലിച്ചു. വനം വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരപരിപാടികൾ താൽക്കാലികമായി പിൻവലിച്ചത്.
ബോണക്കാട്ട് നിയന്ത്രണ വിധേയമായി ആരാധന നടത്താൻ വിശ്വാസികളെ അനുവദിക്കാമെന്ന് വനം മന്ത്രി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
വനംമന്ത്രി കെ.രാജുവുമായി നടത്തിയ ചർച്ചയിൽ വിശേഷ ദിവസങ്ങളിൽ ആരാധന നടത്താൻ അനുവദിക്കാമെന്നു ധാരണയായതിനെ തുടർന്നാണ് നാളത്തെ ഉപവാസ സമരം പിൻവലിച്ചത്. സമരമുറയിലേക്ക് പോകാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുന്ന സഹനസമരമാണ് ഉദ്ദേശിച്ചിരുന്നത്. വനംമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ പിൻവലിച്ചത്. മുഖ്യമന്ത്രിയുമായി വിശദമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.