കാട്ടാക്കട: ഇവിടെ പ്രവേശന ഉൽസവമില്ലായിരുന്നു. അതിനായുള്ള കൊടിതോരണങ്ങളോ ആരവമോ ഇല്ല. ആകെയുള്ളത് സ്കൂൾ. പിന്നെ കുട്ടികൾ വരുമെന്ന് കാത്തിരിക്കുന്ന ഹെഡ്മാസ്റ്ററും പിന്നെ ഒരു ജീവനക്കാരനും. അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് തേയില തോട്ടത്തിലെ യുപി സ്കൂളാണ് കുട്ടികൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ഇക്കുറി ആരും പ്രവേശനത്തിന് എത്തിയില്ല.
രാവിലെ എത്തുന്ന ഹെഡ് മാസ്റ്റർ സ്കൂൾ തുറക്കും. പിന്നെ ഉച്ചയ്ക്ക് മടക്കം. മൂന്നു പതിറ്റാണ്ട് മുൻപ് വരെ മുന്നൂറിലധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയത്തിനാണ് ഈ ഗതികേട്. രാജഭരണകാലത്ത് ഇവിടെ കാട് വെട്ടി തെളിച്ച് തേയിലതോട്ടമുണ്ടാക്കി. ബോൺ അക്കാർഡ് എന്ന് പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാണ് തോട്ടം ഉടമ. അവിടെ ജോലി ചെയ്യാൻ നിർബന്ധപൂർവ്വം ജോലിക്കാരെ നിയമിച്ചു. തേയില വിളവെടുത്തു.
ലാഭവും നേടി.ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്നതിനു മുൻപ് 1942 ലാണ് ബോണക്കാട് തേയിലതോട്ടത്തിലെ തൊഴിലാളികളുടെ മക്കൾക്കായി റേഷൻകടയോടു ചേർന്നുള്ള ചായ്പ്പിൽ ബ്രിട്ടീഷ് കമ്പനി കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നെ ജനാധിപത്യം വന്നു. തോട്ടമുടമ തോട്ടം മുംബൈ ആസ്ഥാനമാക്കിയ മഹാവീർ പ്ലാന്റേഷന് വിറ്റു.സ്വതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ പോയതിന്റെ പിന്നാലെ ഷൈലേഷ് ടി. ഫെൻസാലി 1972ൽ ഈ അക്ഷരകേന്ദ്രത്തെ എൽ.പി.സ്കൂളായി ഉയർത്തി.
മഹാവീർ പ്ലാന്റേഷൻ എന്നു പേരുള്ള തോട്ടത്തിലെ 300ലധികം കുട്ടികൾ ഇവിടെ അക്ഷരവും ജീവിതവും പഠിച്ചു. അതാണ് പിന്നെ സർക്കാർ ഏറ്റെടുത്ത ബോണക്കാട് യുപി സ്കൂൾ. തോട്ടം അടച്ചു പൂട്ടി. പട്ടിണി മരണം ഇവിടെ പിടിമുറുക്കി. 2001- ൽ ഇവിടെ പട്ടിണി മൂലം നിരവധി പേർ മരിച്ചു. സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞ തോട്ടം തുറന്നില്ല. തുടർന്നാണ് നിവാസികളും തൊഴിലാളികളും ആശ്രയിക്കുന്ന സ്കൂളിന് ശാപം കിട്ടിയത്.
ബോണക്കാട്ടെ ലയങ്ങളിൽ പട്ടിണിയും പരിവട്ടവും തുടങ്ങിയതോടെയാണ് രക്ഷിതാക്കൾ കുട്ടികളെ ഈ വിദ്യാലയത്തിൽ നിന്നും മാറ്റിത്തുടങ്ങിയത്. ഗതകാല പ്രൗഢിയിൽ മറ്റുവിദ്യാലയങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ലായിരുന്നില്ല ബോണക്കാട് യു.പി.എസ്. ഇവിടെനിന്നും പഠിച്ചിറങ്ങിപ്പോയവരിൽ ആഭ്യന്തരവകുപ്പിലും റവന്യുവകുപ്പിലും ഉൾപ്പെടെ ഉന്നത തലങ്ങളിൽ ജോലിനോക്കുന്നവരുണ്ട്.
എന്നാൽ സ്കൂളിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണ്. അടച്ചിട്ട വിദ്യാലയത്തിൽ വാവലും മരപ്പട്ടിയും പ്രാവുകളും കുരങ്ങൻമാരുമൊക്കെ താമസമാക്കി. വിദ്യാലയത്തിന് ഒരു ബോർഡുപോലുമില്ല.ബോണക്കാട് സ്കൂളിന്റെ വിശദാംശംങ്ങൾ വകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പരിഹാരനടപടികൾ ഉണ്ടാകുമെന്നുമാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത് . കാത്തിരുന്നു കാണുകതന്നെയെന്ന് തൊഴിലാളികൾ പറയുന്നു.