തിരുവനന്തപുരം: കത്തുന്ന വേനലിൽ വീടകത്ത് ഒരു കണിക്കൊന്ന ചിരിച്ചു ചിതറുന്നു. ചുറ്റും പാറുന്ന വർണശലഭങ്ങൾ ചിറകുകൾ കൊണ്ടു മറ്റൊരു പൂക്കാലമൊരുക്കുന്നു.
കാഴ്ചയുടെ ആ വസന്തത്തിലേക്കു മിഴിതുറക്കുമ്പോൾ ഗൃഹനാഥനായ രമേശിന്റെ ചിരിയിലും കണിക്കൊന്നകൾ പൂത്തു നിറയും. പതിനേഴു വർഷം മുൻപു രമേശ് കണ്ട വേനൽക്കിനാവാണ് ഇന്നിപ്പോൾ വീടിന്റെ സിറ്റൗട്ടിലെ ചെടിച്ചട്ടിക്കുള്ളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ആ കുഞ്ഞൻ മരം.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ എ. രമേശിന്റെ വീട്ടിലെ ഈ ബോണ്‍സായ് കണിക്കൊന്ന, വിഷുക്കാലത്ത് വീട്ടിലെത്തുന്നവരുടെ കണ്ണിനെ പൊന്നണിയിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷമായി.
ആ ഇത്തിരികുഞ്ഞനെ വളർത്തി ’ചെറുതാക്കിയ’ കഥ പറയുമ്പോൾ രമേശിന്റെ കണ്ണുകളിപ്പോഴും കൗതുകത്തിന്റെ കണിയൊരുക്കും. ഒരു സാധാരണ മനുഷ്യന്റെ അരയോളം മാത്രമേയുള്ളൂ അവന്റെ പൊക്കം. വലിയ വലിയ മരങ്ങളുടെ കുഞ്ഞൻ രൂപങ്ങൾ മാതൃകയാക്കി രമേശ് തന്നെ തയാറാക്കിയതാണ് ഈ ബോണ്‍സായി കണിക്കൊന്നയും.
പതിനേഴു വർഷം മുൻപ് ഒരു വിഷുക്കാലത്ത് ഭാര്യയുടെ വീട്ടിൽ പോയപ്പോഴാണ് അവിടെ പൂത്തുലഞ്ഞു നിന്ന കണിക്കൊന്ന ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ചുനോക്കിയപ്പോൾ ചുവട്ടിലായി കിളിർത്തു വരുന്ന തൈ കണ്ടു.
അതെടുത്തുകൊണ്ട് വരുമ്പോഴും ബോണ്‍സായി കണിക്കൊന്ന ഒരു പരീക്ഷണമായിരുന്നു. 2010ലെ വിഷുക്കാലത്ത് രമേശിന്റെ കണിക്കൊന്ന ഇലകൾ പൊഴിച്ചു. ചെടിക്കെന്തെങ്കിലും നാശം സംഭവിക്കുമോ എന്നദ്ദേഹം വല്ലാതെ ഭയന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു.
ഒടുവിൽ ഒരു ദിവസം രാവിലെ കതകുതുറന്നപ്പോൾ രമേശ് കണ്ടത് അതിമനോഹരമായി പച്ചയും മഞ്ഞയും ഉടുപ്പണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന കുഞ്ഞൻ കണിക്കൊന്ന. തളിരിലകൾക്കിടയിലൂടെ ചിരിതൂകി നിന്ന മഞ്ഞ മൊട്ടുകൾ ഇന്നും ഓർമയിൽ തെളിക്കുന്നത് സന്തോഷത്തിന്റെ നൂറ് വർണങ്ങളാണെന്ന് രമേശ് പറയുന്നു.
കൃഷിയും മരവും പൂക്കളുമില്ലാത്ത ലോകത്തെക്കുറിച്ചു ചിന്തിക്കാൻപോലും ഈ ചെന്നിത്തലക്കാരനാവില്ല. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ ഞാൻ വല്ലാത്ത വീർപ്പുമുട്ടലനുഭവിച്ചു.
ഇവിടുത്തെ ഈ ഓടു പാകിയ നിലത്ത് എന്തു ചെയ്യാമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് ഒരു എക്സിബിഷനിൽ വച്ച് ബോണ്സായികളെക്കുറിച്ച് അറിയാൻ സാധിച്ചത്. അവിടെ നിന്നു വാങ്ങിയ ആൽ വർഗത്തിൽപ്പെട്ട ബോണ്സായിയിലായിരുന്നു ബോണ്‍സായി വളർത്തലിന്റെ തുടക്കം.
ബോണ്‍സായിയുടെ ശാഖകൾ മനോഹരമായി വെട്ടിയൊതുക്കുന്നതിനിടയിൽ രമേശ് പറഞ്ഞു. ഒരു ചെടി ബോണ്‍സായി ആകണമെങ്കിൽ ചുരുങ്ങിയത് ഏഴു വർഷമെങ്കിലും ആവശ്യമാണ്. രമേശിന്റെ ശ്രീകാര്യത്തെ വീട്ടിൽ ഇപ്പോൾ ഉള്ളത് ഇരുന്നൂറിലധികം ബോണ്സായികളാണ്.
ഓൾ ഇന്ത്യാ റേഡിയോയുടെ ടെക്നിക്കൽ വിഭാഗം ഉദ്യോഗസ്ഥനാണ് രമേശ്. തിരുവനന്തപുരം ജില്ലാ ടിബി സെന്ററിലെ ജോലിത്തിരക്കിനിടയിലും ഭാര്യ സജിത രമേശിനോടൊപ്പം കൂടും. മക്കളായ ആർ. ദേവയാനിയും കാർത്തിക് സായിയും ബോണ്‍സായി പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.