നാനൂറ് വര്‍ഷം പഴക്കമുള്ള ബോണ്‍സായി വൃക്ഷം മോഷണം പോയി. ജപ്പാനിലെ ബോണ്‍സായി പ്രേമിയായ ഫുയുമി ഇമുറയുടെ വീട്ടില്‍ നിന്നാണ് ബോണ്‍സായി മോഷണം പോയത്.
എന്നാല്‍ അത് ആരാണ് മോഷ്ട്ടിച്ചതെങ്കിലും തന്റെ ബോണ്‍സായി വൃക്ഷത്തിന് കൃത്യമായി വെള്ളമൊഴിക്കണമെന്ന് ചെടിയുടെ ഉടമകളായ സെയ്ജി ലിമൂറോയും ഭാര്യ ഫുയുമിയും ഫേസ്ബുക്കില്‍ കുറിച്ചു. നഷ്ടപ്പെട്ടത് തന്റെ കുഞ്ഞിനെയാണെന്നും നൂറ്റാണ്ടുകള്‍ നീണ്ട പ്രയത്നം ശ്രദ്ധകുറവ് കൊണ്ട് നശിപ്പിക്കരുതെന്നും ഫുയുമി പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ വിഷമം പറയാന്‍ വാക്കുകളില്ല. അവ ഞങ്ങള്‍ക്ക് അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു. ദമ്പതികള്‍ കുറിക്കുന്നു.
ലോകത്ത് ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പഴക്കമേറിയ ബോണ്‍സായി ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ്വ ഇനമായ ഷിംബാകു ജുനിപേസാണ് മോഷണം പോയത്. ഫുയുമിയുടെ കുടുംബസ്വത്തായ ബോണ്‍സായി നാലുനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മലഞ്ചെരുവില്‍ നിന്ന് ശേഖരിച്ചതാണ്. വിറ്റാല്‍ ലക്ഷക്കണക്കിന് രൂപ കിട്ടുന്നതുമായിരുന്നു.
വലിയ ഒരു മരത്തിന് ലഭിക്കുന്ന ശുശ്രൂഷ ഈ കുഞ്ഞന്‍ ചെടികള്‍ക്കും ആവശ്യമാണ്. അതീവ ശ്രദ്ധയും വെള്ളവും വളവുമെല്ലാം ആവശ്യമാണ്. അതുകൊണ്ടാണ് പറഞ്ഞത്, ചെടികള്‍ മോഷ്ടിച്ചത് ആരായാലും ദയവുചെയ്ത് അവയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കണം. ദമ്പതികള്‍ വീണ്ടും ആവര്‍ത്തിക്കുന്നു.