തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ നടപടിയുമായി യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ പ്യൂണായി ജോലി ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, ബാങ്കിലെ ഡ്രൈവറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എസ്. ഇർഷാദ് എന്നിവർക്കെതിരേയാണു നടപടി.
ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 7,000 രൂപ ബോണസ് അനുവദിച്ചതില്‍ 2,000 രൂപയ്ക്ക് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരേ രാഹുലും ഇർഷാദും രംഗത്ത് വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ 13 ന് വൈകുന്നേരം 5.30 ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവിനു പരാതി നല്കാന് കാബിനിൽ കയറിയ ഇരുവരും ചീഫ് എക്സിക്യൂട്ടീവ് പി.വി. ഗണേഷ്കുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
ഇതിന്റെ പേരില്‍ ബാങ്ക് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും ഖേദം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയെങ്കിലും ഇപ്പോള്‍ ബാങ്ക് ചുമതലകളിൽ നിന്നും മാറ്റിനിര്‍ത്തിയിരിക്കയാണ്. ബാങ്കിലെത്തി ഒപ്പിടുന്നുണ്ടെങ്കിലും ചുമതലകളൊന്നും നല്‍കാതെ ഇവരെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്.