ബുക്‌സ് ഓണ്‍ ദി ഡല്‍ഹി മെട്രോ! പുസ്തകപ്രേമികളെങ്കിലും മെട്രോ ട്രെയിനില്‍ മനപൂര്‍വ്വം പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്ന ദമ്പതികള്‍ ശ്രദ്ധേയരാവുന്നു; പ്രചോദനമായത് എമ്മ വാട്‌സണ്‍

9f33dcb2-05e1-4896-9c90-fe0b9422e9a7മൊബൈലും സൗജന്യ വൈഫൈയുമെല്ലാം എത്തിയതോടെ ഇന്ന് ലോകത്തെ ഭൂരിഭാഗം ആളുകള്‍ക്കും തങ്ങളുടെ തല മൊബൈല്‍ സ്‌ക്രീനില്‍ നിന്ന് ഉയര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. അങ്ങനെയുള്ള യാത്രക്കാര്‍ക്ക് കണ്ണുകളെ മൊബൈല്‍ സ്‌ക്രീനില്‍ നിന്നു മോചിപ്പിക്കാനും പുസ്തകങ്ങള്‍ വായിക്കാനും അവസരമൊരുക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട് അങ്ങ് ഡല്‍ഹിയില്‍. അവരാണ് ശ്രുതി ശര്‍മയും സിവില്‍ എഞ്ചിനീയറായ തരുണ്‍ ചൗഹാനും. ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോ എന്നാണ് ഇവരുടെ സംരംഭത്തിന്റെ പേര്. പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി മെട്രോയില്‍ ഉപേക്ഷിക്കുക എന്നതാണ് ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോയിലൂടെ ഇവര്‍ ചെയ്യുന്നത്. വായനക്കാര്‍ക്ക് ഈ പുസ്തകം എടുത്ത് വായിക്കാം. വായന പൂര്‍ത്തിയാക്കിയ ശേഷം മറ്റാര്‍ക്കെങ്കിലും വായിക്കാനായി മെട്രോയില്‍ തന്നെ ഉപേക്ഷിക്കാം. സൗജന്യമായാണ് ഇവരുടെ പ്രവര്‍ത്തനം.

18882010_1063021390464839_4610059008499100929_n

ഹോളി ഫ്രേസറും റോസി കെഹ്ഡിയും ചേര്‍ന്ന് ആരംഭിച്ച ബുക്സ് ഓണ്‍ ദ മൂവ് എന്ന ആശയത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ബുക്സ് ഓണ്‍ ദ ഡെല്‍ഹി മെട്രോ. 2012 ല്‍ ആരംഭിച്ച ബുക്സ് ഓണ്‍ ദ മൂവിന് പതിന്നാലു രാജ്യങ്ങളിലായി 20 ബ്രാഞ്ചുകളാണിപ്പോഴുള്ളത്. ജുംബാ ലാഹിരിയുടെ നെയിംസേക്ക്, ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ കേസ് ബുക്ക് ഓഫ് ഷെര്‍ലക്ക് ഹോംസ്, സിസിലിയ ആഹേണിന്റെ ദ ഇയര്‍ ഐ മെറ്റ് യു തുടങ്ങിയ പുസ്തകങ്ങളാണ് ഇരുവരും ചേര്‍ന്ന് മെട്രോയില്‍ വായനക്കാര്‍ക്കു വേണ്ടി ഉപേക്ഷിച്ചത്. സ്വന്തം ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇവര്‍ ഇതിനോടകം ഡല്‍ഹി മെട്രോയില്‍ നിക്ഷേപിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയം. ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചാണ് പുസ്തകങ്ങള്‍ മെട്രോയില്‍ ഉപേക്ഷിക്കുന്നത്.

0b399da9-cbb2-4332-92bc-0db428d98b7b

തുടര്‍ന്ന് എവിടെയാണ് നിക്ഷേപിച്ചതെന്നുള്ള സൂചനകള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നല്‍കും. സൂചനകള്‍ ഉപയോഗിച്ച് പുസ്തകം എവിടെന്ന് കണ്ടെത്താം. ലഭിക്കുന്ന ആള്‍ ബുക്സ് ഓണ്‍ ദ മെട്രോ എന്ന ഹാഷ്ടാഗില്‍ അക്കാര്യം പങ്കു വയ്ക്കാനും ഇവര്‍ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്. വായനയ്ക്കു ശേഷം മറ്റൊരാള്‍ക്കായി ആ പുസ്തകം മെട്രോയില്‍ ഉപേക്ഷിക്കാം. ന്യൂയോര്‍ക്ക് സബ്വേയില്‍ യാത്രയ്‌ക്കൊടുവില്‍ എമ്മ വാട്സണ്‍ പുസ്തകം ഉപേക്ഷിക്കുന്നതിന്റെ ഒരു വീഡിയോ കാണാനിടയായതാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് കടക്കാന്‍ പ്രചോദനമായതെന്ന് ശ്രുതി പറയുന്നു. ആളുകളെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ബുക്സ് ഓണ്‍ ദ ഡല്‍ഹി മെട്രോയിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെയും ആവശ്യമായ പ്രചാരണം നടത്തിവരുന്നുണ്ട്. ഏതായാലും ഇത്തരമൊരു പരോപകാരത്തിന് മനസും കഴിവുമുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഈ ദമ്പതികളുടെ ആകര്‍ഷകവും ഫലപ്രദവുമായ ഈ സംരഭം.

Related posts