ഗുരുവായൂർ: നഗരസഭയുടെ കടിഞ്ഞാൺ കൈക്കിലാക്കാൻ മൂന്ന് മുന്നണികളും കളത്തിലിറങ്ങിയതോടെ ക്ഷേത്രനഗരിയിൽ തെരഞ്ഞെടുപ്പ് ചൂടുതുടങ്ങി.
ഭരണം തുടരാൻ എൽഡിഎഫും, തിരിച്ചുപിടിക്കാൻ യുഡിഎഫും, ശക്തി തെളിയിക്കാൻ ബിജെപിയും രണ്ടുംകൽപ്പിച്ചാണ് രംഗത്തുള്ളത്.
പ്രചരണം കൊഴുപ്പിക്കാൻ മതിലുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് പാർട്ടിപ്രവർത്തകർ. എങ്കിലും ചിഹ്നങ്ങൾ ഒട്ടിച്ചുതുടങ്ങിയിട്ടുണ്ട്. നഗരസഭയിൽ 43 വാർഡുകളാണുള്ളത്.
മൂന്നു മുന്നണികളുടെയും സ്ഥാനാർഥി നിർണയം ഏറെകുറെ പൂർത്തിയായി. ഇനി പ്രഖ്യാപനത്തിനു മുന്‍പുള്ള ചർച്ചകൾ മാത്രം. എൽഡിഎഫിൽ സിപിഎം, സിപിഐ ചർച്ചകൾ പൂർത്തിയായി. സിപിഐക്ക് എട്ടു സീറ്റാണ് നൽകിയിട്ടുള്ളത്.
ഒരു സീറ്റും കൂടി സിപി ഐ ആവശ്യപെട്ടിട്ടുണ്ട്. മറ്റ് ഘടക കക്ഷികളുമായുള്ള ചർച്ചയും ഉടൻ പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. യുഡിഎഫിൽ തൈക്കാട് മേഖലയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായി.
ഇവിടെ ഒന്‍പത് സീറ്റാണുള്ളത്. എന്നാൽ പൂക്കോട്, ഗുരുവായൂർ മേഖലയിൽ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല. ഗുരുവായൂരിലെ പല വാർഡുകളിലും കോണ്‍ഗ്രസിനു രണ്ടും, മൂന്നും പേരുകളാണ് ലിസ്റ്റിലുള്ളത്.
സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനൊടുവിൽ ഡിസിസിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ബിജെപിയുടെ സ്ഥാനാർഥി നിർണയവും പ്രഖ്യാപനവും രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അങ്കത്തട്ടിൽ കൂടുതലും വനിതകൾ
നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ വനിതകളാണ് കൂടുതൽ. 43 വാർഡുകളിൽ 50 ശതമാനം വനിത സംവരണ മായതോടെ 22 വനിതകൾ മത്സര രംഗത്തുണ്ട്.
ഇതിന് പുറമെ രണ്ട് മുന്നണികളും ഏതാനും ജനറൽ വാർഡുകളിൽ വനിതകളെ മത്സരിപ്പിക്കാനാണ് നീക്കം.
നിലവിൽ വനിതാ സംവരണ വാർഡുകൾ ജനറൽ വാർഡുകളായിട്ടുണ്ട്. എന്നാൽ ചില ജനറൽ വാർഡുകളിൽ കഴിഞ്ഞ പ്രാവശ്യം വിജയിച്ച വനിതകളെ വീണ്ടും പരീക്ഷിക്കാനും നീക്കമുണ്ട്.
തൈക്കാട്, പൂക്കോട്, ഗുരുവായൂർ പ്രദേശത്ത് ഒരോ ജനറൽ വാർഡുകളിലും സിറ്റിംഗ് വനിതാ കൗണ്‍സിലർമാർ മത്സരത്തിനുണ്ടാവും.ഇതോടെ 43 വാർഡുകളിൽ 25 വനിതകളാണ് സ്ഥാനാർഥിയാകുന്നത്.