ഫരീദാബാദ്: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിംഗ് ഏജന്റ് അറസ്റ്റിൽ. ഡൽഹിക്കു സമീപത്തെ ഫരീദാബാദിലാണു സംഭവം. ഏജന്റ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ എത്തിയതോടെയാണ് അറസ്റ്റ്.
ഫരീദാബാദിലെ പ്രിതാലയിലെ പോളിംഗ് ബൂത്തിലാണു സംഭവം. നീല ടീ ഷർട്ട് ധരിച്ച പോളിംഗ് ഏജന്റ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ എത്തിയപ്പോൾ എഴുന്നേറ്റ് പോയി വോട്ടിംഗ് മെഷീനിൽ ബട്ടൻ അമർത്തിയ ശേഷം തിരിച്ചുവന്ന് സീറ്റിൽ ഇരിക്കുന്നതായാണ് വീഡിയോയിലുള്ളത്. മറ്റു രണ്ടു സ്ത്രീകൾ വോട്ടു ചെയ്യാൻ എത്തിയപ്പോഴും ഇയാൾ ഇത് ആവർത്തിച്ചു.
ഈ സമയത്ത് പോളിംഗ് ഉദ്യോഗസ്ഥർ ആരും തന്നെ മുറിയിൽ ഇയാളെ തടയാൻ ശ്രമിച്ചില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകൾ ഇയാൾക്കെതിരേ നടപടി ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാൻ പോലീസിനോടു നിർദേശിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഞായറാഴ്ച വൈകിട്ട് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ ഏതു പാർട്ടിയുടെ പോളിംഗ് ഏജന്റാണ് എന്നതോ വ്യക്തമല്ല.