കോതമംഗലം: അപ്രോച്ച് റോഡിന്റെ ഉയരം കുറയ്ക്കാനും പാർക്കിന്റെ വിസ്തൃതി സംരക്ഷിക്കാനും ഭൂതത്താൻകെട്ടിൽ നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്താൻ തീരുമാനം. ഭൂതത്താൻകെട്ടിൽ ബാരേജിനു മുകളിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കാനാണ് പെരിയാറിനു കുറുകെ ബാരേജിന് താഴെ പുതിയ പാലം നിർമിക്കുന്നത്. തൂണുകൾ നിർമിക്കുന്നതടക്കമുള്ള വിവിധ ജോലികൾ പൂർത്തിയായ ശേഷമാണ് രൂപരേഖയിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പാലത്തിന്റെ ഉയരം കുറച്ചതാണ് ഒരു മാറ്റം. ഒരു മീറ്റർ ആണ് മുന്പ് തീരുമാനിച്ചതിൽ നിന്നും കുറവ് വരുത്തുന്നത്. നിർമിച്ചതൂണുകളിൽ നിന്ന് ഇത്രയും ഭാഗം പൊളിച്ചുനീക്കണം. വലതുകരയിലെ അപ്രോച്ച് റോഡിന്റെ കയറ്റം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഉയരത്തിലെ മാറ്റം. പാർക്കിനോടു ചേർന്നുള്ള ഭാഗത്ത് മണ്ണിട്ട് ഉയർത്തി റോഡ് നിർമിക്കുന്ന വിധത്തിലായിരുന്നു ആദ്യ രൂപരേഖ.
ഇതൊഴിവാക്കി ലാന്റ് സ്പാൻ ആണ് പുതിയ രൂപരേഖയിൽ ഉള്ളത്. ഇതൂമൂലം പാർക്കിന്റെ വിസ്തൃതി കുറയുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് മാത്രമല്ല പാർക്കിന്റെ വികസനത്തിനും ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണം. ആദ്യ ഡിസൈനിൽ 230 മീറ്റർ നീളമാണ് പാലത്തിനുണ്ടായിരുന്നത്. ലാന്റ് സ്പാൻകൂടി ചേർന്നതോടെ നീളം 290 മീറ്ററാകും. 11 മീറ്ററാണ് വീതി.
വേണ്ടത്ര പഠനമില്ലാതെ ആദ്യത്തെ ഡിസൈൻ തയാറാക്കിയതാണ് പൊളിച്ചെഴുത്ത് വേണ്ടിവന്നതെന്നാണ് സൂചന. പുതിയ മാറ്റങ്ങളുണ്ടെങ്കിലും കരാർതുക വർധിപ്പിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പതിനേഴ് കോടിക്കാണ് കരാർ നൽകിയിരിക്കുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെയാണ് പാലം നിർമിക്കുന്നത്. അടുത്തവർഷം മാർച്ച് 31നു മുന്പ് പൂർത്തിയാകേണ്ടതായിരുന്നു. ഡിസൈനിൽ മാറ്റം വരുത്തേണ്ടിവന്നതും മറ്റു തടസങ്ങൾ മൂലവും നിർമാണം വൈകി. ഇപ്പോൾ കരാർ കാലാവധി മെയ് വരെ വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
നു