മയാമി: സ്വന്തം റിക്കാര്‍ഡ് തിരുത്തി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം രോഹന് ബൊപ്പണ്ണ. മയാമി ഓപ്പണ്‍ എടിപി മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന പ്രായം കൂടിയ കളിക്കാരന് എന്ന സ്വന്തം റിക്കാര്‍ഡാണ് നാല്‍പ്പത്തിനാലുകാരനായ ബൊപ്പണ്ണ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ മാറ്റ് എബ്ഡനൊപ്പം ഇന്ത്യന്‍ വെല്‍സ് ഡബിള്‍സ് കിരീടം നേടിയതിന്റെ റിക്കാര്‍ഡ് ഇത്തവണ തിരുത്തി.
മൂന്നു സെറ്റ് നീണ്ട ഫൈനലില്‍ ക്രൊയേഷ്യയുടെ ഇവാന് ഡോഡിച്ച്-അമേരിക്കയുടെ ഓസ്റ്റിന്‍ ക്രാജിചെക് കൂട്ടുകെട്ടിനെ 6-7, 6-3, 10-6ന് തകര്‍ത്താണ് ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം ഇത്തവണ ജേതാക്കളായത്.
ഈ ജയത്തോടെ ഇവര്‍ പുരുഷ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ബൊപ്പണ്ണയുടെ 14-ാമത്തെ എടിപി മാസ്റ്റേഴ്സ് 1000 ഫൈനലാണ്. എടിപി ടൂര്‍ ലെവലില്‍ ഇന്ത്യന്‍ താരത്തിന്റെ 63-ാമത്തെ ഫൈനലും. ലിയാണ്ടര്‍ പേസിനുശേഷം ഒമ്പത് എടിപി മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളിലും ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.