ലണ്ടൻ: കോവിഡ്- 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഒൗദ്യോഗിക അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കാൻ ബോറിസ് ജോണ്സണ് നിർദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്സണ് ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്.
ആവശ്യമെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കും. നല്ല പരിചരണമാണ് ബോറിസ് ജോണ്സന് ആശുപത്രിയില്‍ കിട്ടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
55കാരനായ ബോറിസ് ജോണ്‍സണെ തുടർ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്.
രോഗലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന അദ്ദേഹം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.