ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സാധാരണക്കാരനെപ്പോലെ വിമാനത്തിന്റെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുക. അതും ഒരു സുരക്ഷാ സന്നാഹവുമില്ലാതെ, കൗതുകം നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പെണ്‍സുഹൃത്ത് കോറി സൈമണ്ട്സുമാണ് ഇത്തരത്തില്‍ യാത്ര ചെയ്തത്. കരീബിയന്‍ ദ്വീപുകളില്‍ പുതുവര്‍ഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.
കരീബിയന്‍ ദ്വീപുരാഷ്ട്രമായ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനഡെന്‍സിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനില്‍ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാള്‍ പകര്‍ത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയാക്കിയത്. വിന്‍ഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കോറിയുമാണു ചിത്രത്തില്‍.
കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയര്‍വേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാല്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സിന്റെ സ്വകാര്യ വിമാനത്തില്‍ പോവുകയായിരുന്നെങ്കില്‍ ഒരാള്‍ക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കില്‍ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് ബ്രിട്ടീഷുകാരുടെ സുകൃതം എന്നല്ലാതെ എന്തു പറയാന്‍.