ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് കാര്യങ്ങള്‍ ജോണ്‍സന്റെ രാജിയിലേക്കെത്തിയത്.
കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്സണ് രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും,
‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്.
തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്സണ് പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.
ഈ വിവാദങ്ങളുടെ അലയൊലി അടങ്ങുന്നതിന് പിന്നാലെയാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്.
ഇത് പുതിയ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇക്കാര്യത്തില്‍ ബോറിസ് ജോണ്സന് മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയില്‍നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
മന്ത്രിമാരെക്കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളംപേര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.