അടൂർ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെയാണ് (26) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടകവീട്ടിൽവച്ചാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ, ഭാര്യയുടേയും ഭാര്യാമാതാവിന്റെയും മുൻപിൽവച്ച്, കട്ടിലിൽക്കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളിൽ പിടിച്ചുയർത്തി കൊല്ലുമെന്നു ഭീഷണിമുഴക്കി.
നിലവിളിച്ചുകൊണ്ട് ശില്പ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണന്റെ കൈയിൽനിന്നും പിടിച്ചുവാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി.
ഇയാൾ പോലീസിനെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിലേക്കു വരുംവഴി യുവാവ് ജീപ്പിന്റെ പിറകിലെ ചില്ല് തലവച്ചും കൈവച്ചും ഇടിച്ചുപൊട്ടിച്ചു. ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനും ജോലി തടസപ്പെടുത്തിയതിനും, പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരേ കേസുകൾ എടുത്തിട്ടുണ്ട്.
അടൂർ പോലീസ് ഇൻസ്പെക്ടർ ശ്യാംമുരളി, എസ്ഐ ബാലസുബ്രഹ്മണ്യൻ, എസ് സിപിഒ ബി. മുജീബ്, സിപി ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.