കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി.
അതിസങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ഞ് സാധാരണ നിലയിലേക്ക് നീങ്ങുന്ന പ്രത്യാശയുടെ സൂചനകളാണ് കാണുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഐസിയുവില്‍ തന്നെ തുടരുന്ന കുട്ടി ഇന്നലെ രാത്രി മുതല്‍ ഓസ്കിജന്‍ സഹായമില്ലാതെ സ്വന്തമായി ആണ് ശ്വാസം എടുക്കുന്നത്.
കഴിഞ്ഞ ദിവസം കുഞ്ഞ് കരയുകയും കൈകാല്‍ ചലിപ്പിക്കുകയും മുലപ്പാല്‍ നന്നായി കുടിക്കുകയും ചെയ്തിരുന്നു. പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത കുഞ്ഞിന്റെ ദഹനപ്രക്രിയയും സാധാരണ അവസ്ഥയിലായിട്ടുണ്ട്. ശരീരോഷ്മാവും നാഡി മിടിപ്പുകളും സാധാരണ നിലയിലാണ്.
രക്തസ്രാവം മൂലം തലച്ചോറിലുണ്ടായിരുന്ന സമ്മര്‍ദം കുറക്കുന്നതിനായി തിങ്കളാഴ്ച്ചയാണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. കുട്ടിയുടെ ആരോഗ്യ നിലയിലുണ്ടായ പുരോഗതി പ്രതീക്ഷയോടെയാണ് മെഡിക്കല്‍ സംഘം നോക്കി കാണുന്നത്.
ഇതിനിടെ ഇന്ന് ഉച്ചയോടെ സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് കുട്ടിയേയും മാതാവിനേയും കാണുന്നതിനായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തുമെന്നും വിവരമുണ്ട്.