കോലഞ്ചേരി: അച്ഛന്റെ ക്രൂരമർദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. കുഞ്ഞ് കൂടുതൽ സമയം ഉണർന്നിരിക്കുന്നുണ്ടെന്നും ശരീരോഷ്മാവും ദഹനവും സാധാരണനിലയിലാണെന്നും അധികൃതർ അറിയിച്ചു.
തലയിലേറ്റ ക്ഷതത്തിനു ശസ്ത്രക്രിയ പൂർത്തിയായി മൂന്ന് ദിവസം പിന്നിടുമ്പോൾ കുഞ്ഞ് സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അച്ഛൻ തലയ്ക്കിടിക്കുകയും കട്ടിലിലേക്ക് എടുത്തെറിയുകയും ചെയ്തതിനെത്തുടർന്നു തലച്ചോറിലുണ്ടായ രക്തസ്രാവം ഒഴിവാക്കാൻ 54 ദിവസം പ്രായമുള്ള പെൺകുഞ്ഞിനു തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ 18നു പുലർച്ചെ രണ്ടോടെയാണ് അങ്കമാലിയിലെ വാടകവീട്ടിൽ കുഞ്ഞ് ആക്രമിക്കപ്പെട്ടത്.