തൊടുപുഴ:വണ്ണപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശു മരിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ കാമുകൻ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.
മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ജീവനുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി.
ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി വീട്ടിൽ പ്രസവിച്ചത്. വീട്ടുകാർ ആംബുലൻസിൽ പെണ്‍കുട്ടിയേയും നവജാത ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ആശുപത്രിയിൽ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്. പോലീസും ഫോറൻസിക് വിദഗ്ദ്ധരും പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയും കാമുകനും സ്കൂളിൽ സഹപാഠികളായിരുന്നു. ഇപ്പോൾ എറണാകുളത്ത് പഠിക്കുകയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരിയായ യുവതി പ്രസവിച്ച നവജാത ശിശുവും മരിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.