മൂവാറ്റുപുഴ: നവജാതശിശുവിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടു മാതാവടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിനിയായ നിർധന യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിലുള്ള ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വർക്കല സ്വദേശികളായ ദന്പതികൾക്കു കൈമാറിയത്.
സംഭവത്തിൽ മാതാവായ യുവതിയും വർക്കല സ്വദേശികളായ ദന്പതികളുമാണ് അറസ്റ്റിലായത്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനാൽ അഞ്ചാമതൊരു കുഞ്ഞിനെകൂടി വളർത്താൻ സാഹചര്യമില്ലാത്തതിനാൽ കുഞ്ഞ് നല്ലനിലയിൽ വളരട്ടെയെന്ന് ആഗ്രഹിച്ചാണു കൈമാറ്റം നടത്തിയതെന്നാണു യുവതി പോലീസിനു നൽകിയിരിക്കുന്ന മൊഴി.
ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. മക്കളില്ലാതിരുന്ന ഷൈജു-ഷീജ ദന്പതികൾ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെത്തുടർന്നു കുഞ്ഞിനെ കൈമാറുകയായിരുന്നു. ദന്പതികൾ കുഞ്ഞുമായി വർക്കലയിലേക്കു പോകുകയും ചെയ്തു.
യുവതി കുഞ്ഞില്ലാതെ ആശുപത്രിയിൽനിന്നു വീട്ടിലെത്തിയതിനെത്തുടർന്നു സംശയം തോന്നിയ അയൽവാസി പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നവജാതശിശുവിനെ കൈമാറിയ സംഭവം പുറത്തറിയുന്നത്. ദന്പതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കുട്ടിയെ മാതാവിനു കൈമാറുകയുംചെയ്തു.