കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയുംസുഹൃത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
എളമക്കര പോലീസ് ഇന്നലെ അറസ്റ്റു ചെയ്ത എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.
ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകം, ശിശുസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്.
കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. മുമ്പുണ്ടായ മര്‍ദനത്തില്‍ കുഞ്ഞിരിന്റെ വാരിയെല്ലും ഒടിഞ്ഞു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്.
കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തി. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി.
കടിയേറ്റതിന്റെ പാടുകളുടെ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ ദന്ത സാമ്പിളുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും.
ഒന്നര മാസം മുമ്പ് ചേര്‍ത്തലയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ അന്നു മുതല്‍ കൊലപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. അഞ്ചു മാസം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
അതിനുശേഷം ഇവര്‍ പലയിടത്തായി ഒരുമിച്ചു താമസിച്ചു. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. എന്നാല്‍ താനുമായി പരിചയപ്പെടുമ്പോള്‍ മറ്റൊരാളുമായുള്ള ബന്ധത്തില്‍ അശ്വതി നാലു മാസം ഗര്‍ഭിണിയായിരുന്നുവെന്നും ആ കുഞ്ഞാണ് ഇതെന്നുമാണ് ഷാനിഫ് പോലീസിനോട് പറഞ്ഞത്.
മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തില്‍ അന്നു മുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാനായി പ്രതി ഷാനിഫ് ശ്രമം തുടങ്ങിയിരുന്നു. കറുകപിള്ളിയിലുള്ള ലോഡ്ജിലെ 109-ാം മുറിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ക്രൂരത അരങ്ങേറിയത്.