കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. പുല്ലേപ്പടി സംഗമോദ്യാനം പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെ കൊച്ചി സിറ്റി പോലീസും കൊച്ചി കോര്‍പറേഷനും സംയുക്തമായാണ് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്. എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ്കുമാര്, കൊച്ചി കോര്പറേഷന് പ്രതിനിധികള്‍ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. നാലിന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളിയായ കുഞ്ഞിന്റെ പിതാവ് എന്നു പറയുന്ന കണ്ണൂര്‍ സ്വദേശിയുമായി എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നും കുഞ്ഞ് തന്റേതു തന്നെയാണോയെന്ന് സംശയം ഉണ്ടെന്നുമാണ് ഇയാള്‍ രേഖാമൂലം പോലീസിന് എഴുതി നല്‍കിയത്.
കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ അശ്വതി ഓമനക്കുട്ടന്റെ ബന്ധുക്കളുമായും പോലീസ് ബന്ധപ്പെട്ടെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ അവരും തയാറല്ല. ഈ സാഹചര്യത്തിലാണ് പോലീസും കൊച്ചി കോര്‍പറേഷനും ഒരുമിച്ച് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്.
തെളിവെടുപ്പില്‍ കൂസലില്ലാതെ അശ്വതി
പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയും കുഞ്ഞിന്റെ അമ്മയുമായ അശ്വതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലില്ലൊം ഇവര്‍ യാതൊരു പശ്ചാത്തപവും ഇല്ലാതെയാണ് മറുപടി നല്‍കുന്നത്.
കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ വൈകിട്ടോടെ അശ്വതിയെ കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയും ഇവരുടെ സുഹൃത്തുമായ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫിന്റെ (25) കസ്റ്റഡി കാലാവധി ഇന്നലെ പൂര്‍ത്തിയായതോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇയാളുടെ ദന്ത സാമ്പിളുകളുടെ പരിശോധനയും പൂര്‍ത്തിയായിരുന്നു. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചാണ് കുറ്റകൃത്യം നടത്തിയത്.