കൊച്ചി: എറണാകുളം പനമ്പള്ളിനഗറില് നവജാത ശിശുവിനെ ഫ്ലാറ്റില്നിന്ന് എറിഞ്ഞു കൊന്നു. ഇന്ന് രാവിലെ 8.20ന് ഇതുവഴി പോയ ഷിപ്പ്യാര്ഡ് ഉദ്യോഗസ്ഥനാണ് നടുറോഡില് ആണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നടുറോഡില് കുഞ്ഞിനെയും പൊതിഞ്ഞ് എറിഞ്ഞ കൊറിയര് കവറുമാണ് ഇദ്ദേഹം കണ്ടത്.
തുടര്ന്ന് ശുചീകരണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില്നിന്ന് സമീപത്തെ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്നിന്ന് രാവിലെ 7.37 ഓടെ താഴേക്ക് എറിഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞ് കിടന്നിരുന്ന ഭാഗത്ത് ചോരപ്പാടുകളുണ്ട്. പൊക്കിള്ക്കൊടിയുടെ ഭാഗങ്ങളും കാണാം.
അതുകൊണ്ടുതന്നെ കുഞ്ഞ് ജനിച്ചിട്ട് അധികസമയം ആയിട്ടില്ലെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസങ്ങളില് ഇവിടെ വന്നുപോയവരുടെയും വിവരങ്ങള് പോലീസ് ശേഖരിക്കുന്നുണ്ട്. സമീപത്തെ ഫ്ലാറ്റുകളിലെ ആളുകളെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.ഫ്ലാറ്റില് 21 കുടുംബങ്ങളാണുള്ളത്. എറണാകുളം സൗത്ത് എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെയെത്തി ഫ്ലാറ്റിലെ താമസക്കാരുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് ഫ്ലാറ്റുകള് ഒഴിഞ്ഞു കിടക്കുകയാണ്. ഇതില് ഒരു ഫ്ലാറ്റില് നിന്നുള്ളവര് 15 ദിവസം മുമ്പ് ഇവിടെനിന്ന് താമസം മാറിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം മൃതദേഹം കണ്ടെത്തിയ ആള് ഈ വഴി കടന്നു പോകുമ്പോള് ഒരു കാര് പ്രദേശത്തുകൂടി പോയതായി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തുകൂടി കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല് അടുത്ത ദിവസങ്ങളില് സംശയാസ്പദമായ രീതിയില് ആരും ഇവിടെ എത്തിയിട്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാര് പോലീസിനെ അറിയിച്ചിരിക്കുന്നത്. ആള് താമസമില്ലാത്ത ഫ്ലാറ്റുകളില് മറ്റാരെങ്കിലും വന്നു താമസിച്ചിരുന്നോയെന്നും പോലീസ് നിരീക്ഷിച്ചുവരുകയാണ്.
ഫ്ലാറ്റില് ഗര്ഭിണികള് ആരും ഇല്ലെന്നാണ് പ്രദേശത്തെ ആശാപ്രവര്ത്തകരും അറിയിച്ചിരിക്കുന്നത്. ഫ്ലാറ്റില് ജോലിക്കെത്തിയിരുന്നവരിലും ആരും ഗര്ഭിണികള് ഉണ്ടായിരുന്നില്ല.എറണാകുളം സൗത്ത് പോലീസ് ഇന്സ്പെക്ടര് പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ക്വസ്റ്റ് നടപടികള് ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ ജീവനോടെ ഫ്ലാറ്റില്നിന്ന് എറിഞ്ഞതാണോ അല്ലെങ്കില് മരിച്ച ശേഷം കൊറിയകര് കവറിലാക്കി ഫ്ലാറ്റില് നിന്ന് താഴേക്ക് എറിഞ്ഞതാണോയെന്ന് പോസ്റ്റുമോര്ട്ടത്തിനു ശേഷമേ വ്യക്തമാകൂ.
സ്വന്തം ലേഖിക