കൊയിലാണ്ടി: നെല്യാടി കളത്തിന്‍കടവില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. റൂറല്‍ എസ്പി പി.നിധിന് രാജിന്റെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖർ, എസ്ഐ കെ.എസ്. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് നഗരസഭയിലെയും സമീപ പ്രദേശത്തെയും ആശാ വര്‍ക്കര്‍മാരുമായി പോലീസ് ആശയ വിനിമയം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയതിനുസമീപം സിസിടിവി ദൃശ്യം ലഭ്യമല്ലാത്തത് അന്വേഷണത്തിന് തടസമായി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെ പുഴയില്‍ മല്‍സ്യബന്ധനത്തിനു പോയവരാണ് പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നവജാതശിശുവിന്റെ (ആണ്‍കുട്ടി) മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി എസ്എച്ച്ഒ- 9497987193, എസ്ഐ- 9497980798, പോലീസ് സ്റ്റേഷന്- 0496 2620236 എന്ന നമ്പറുകളിലൊന്നിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.