കൊച്ചി: ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പേരണ്ടൂർ കനാലിൽ ബക്കറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. നിയമാനുസൃത ഗർഭച്ഛിദ്രമെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരങ്ങളെന്ന് പോലീസ് പറഞ്ഞു.
ഇരുപത് ആഴ്ചയിൽ താഴെമാത്രം പ്രായമുള്ള മൃതദേഹമാണ് ബക്കറ്റിൽ കണ്ടെത്തിയത്. മറവ് ചെയ്യേണ്ട മൃതദേഹം കനാലിൽ ഒഴുക്കിയത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ആറുമാസം വളർച്ചയെത്തുന്നതിന് മുന്പ് പ്രസവിച്ച കുട്ടികളുടെ വിശദാംശങ്ങളും, ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൈമാറിയിട്ടുള്ള മാതാപിതാക്കളുടെ വിവരങ്ങളും നൽകണമെന്നുകാട്ടി ആശുപത്രികൾക്ക് നൽകിയ നോട്ടീസിന് മറുപടി ലഭിച്ചു തുടങ്ങിയതായി പോലീസ് പറഞ്ഞു.
നിലവിൽ ഒരു ആശുപത്രിയിൽനിന്ന് മാത്രമാണ് മറുപടി ലഭിച്ചത്. ഇത് പരിശോധിച്ച് വരുന്ന അധികൃതർ ഇന്ന് കൂടുതൽ ആശുപത്രികളിൽ നിന്നും മറുപടികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ആശുപത്രികളിലെ വിവരങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ അടുത്ത ഘട്ടത്തിൽ കൊച്ചിയിലെ ക്ലിനിക്കുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം ഉൗർജിതമാക്കിയതോടെ സംഭവത്തിനു പിന്നിലുള്ളവരെ ഉടൻ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം പുതുക്കലവട്ടത്ത് പേരണ്ടൂർ കനാലിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയത്. പൊക്കിൾകൊടി നീക്കം ചെയ്യാത്ത നിലയിലായിരുന്നു മൃതദേഹം. ആശുപത്രി അധികൃതർ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു.
2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുണ്ടായിരുന്നത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്. മുതിർന്ന ആളുകളെത്തി നോക്കിയപ്പോഴാണ് ഗർഭസ്ഥ ശിശുവാണെന്ന് മനസിലായത്. ഇതോടെ നാട്ടുകാർ പോലിസിനെ വിവരം അറിയിക്കുകയും പോലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയുമായിരുന്നു.