തിരുവനന്തപുരം: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. മലയിൻകീഴ് സ്വദേശികളായ അഖിൽഫ മനീഷ ദന്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരിന്നിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്ന് മാതാപിതാക്കൾ തന്പാനൂർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഗർഭിണിയായ മനീഷയെ സെപ്റ്റംബർ 15 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തസ്രാവത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് മറ്റ് പ്രശ്നങ്ങളില്ലെന്നും സ്കാനിംഗ് തൃപ്തികരമാണെന്നുമാണ് ഡോക്ടർ പറഞ്ഞതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ കാര്യമായ പ്രശ്നം തനിക്കുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതർ വേണ്ട ജാഗ്രത പുലർത്തിയിട്ടില്ലെന്ന് ഇവർ ആരോപിച്ചു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മനീഷയുടെ ആരോഗ്യനില മോശമായത്. തുടർന്ന് ആശുപത്രി അധികൃതർ വേദനക്കുള്ള മരുന്ന് നൽകുകയും വെള്ളിയാഴ്ച രാവിലെയോടെ പ്രസവം നടക്കുകയുമായിരുന്നു. പ്രസവത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള നടപടികൾ ആശുപത്രി അധികൃതർ സ്വീകരിച്ചില്ല. ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു.
മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് തന്പാനൂർ പോലീസ് അറിയിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസും വ്യക്തമാക്കി.