തിരുവനന്തപുരം: അഞ്ചുതെങ്ങ് മാന്പള്ളിയിൽ നവജാതശിശുവിന്റെ മൃതദേഹം കടൽതീരത്തു കണ്ടെ ത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
കുഞ്ഞിന്റെ അമ്മയെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാന്പള്ളി കൊച്ചുകിണറ്റിൻമൂട് വീട്ടിൽ ജൂലി (40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ട ജൂലി ഏതാനും വർഷങ്ങളായി അഞ്ചുതെങ്ങ് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു.
ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നതിനാൽ രഹസ്യമായി പ്രണയബന്ധം സൂക്ഷിക്കുകയായിരുന്നു. രണ്ട് തവണ ഗർഭിണിയായപ്പോൾ അബോർഷൻ നടത്തിയിരുന്നു. ഈ അടുത്തകാലത്ത് ജൂലി വീണ്ടും ഗർഭിണിയായി.
ഈ വിവരം കാമുകനെ അറിയിച്ചിരുന്നില്ല. വീട്ടുകാരോടും പറഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ പതിനാലാം തീയതി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാത്ത് റൂമിൽ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് കുഴിമാടം നായകൾ തോണ്ടി കുഞ്ഞിന്റെ മൃതദേഹം കടിച്ചെടുത്ത് കൊണ്ടു പോയി കടൽതീരത്തിട്ടത്.
ഇക്കഴിഞ്ഞ പതിനെട്ടിന് പുലർച്ചെയാണ് അഞ്ചുതെങ്ങ് മാന്പള്ളിക്ക് സമീപത്തെ കടൽതീരത്ത് കൈയും കാലും നഷ്ടപ്പെട്ട നിലയിൽ നവജാതശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ച് വലിക്കുന്നത് നാട്ടുകാർ കണ്ടത്.
പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.