പെരുമ്പാവൂർ: നവജാത ശിശുവിനെ തോടിന് സമീപം ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവത്തിൽ പെരുന്പാവൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധനയിൽ ചുവപ്പു നിറത്തിലുള്ള സ്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നു വ്യക്തമായിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ സ്ഥിരീകരിച്ചിട്ടില്ല.
പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് സൂചന നൽകുന്നത്. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമാകും മരണ കാരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരിക.
പെരുമ്പാവൂരിൽ വല്ലം-മുടിക്കൽ മുല്ലപ്പിള്ളി പാലത്തിനു സമീപത്തു ഇന്നലെ വൈകിട്ടാണ് അഞ്ചിനാണ് സംഭവം. തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണു കുഞ്ഞിനെ കണ്ടെത്തിയത്.
കവറിൽ ഉപേക്ഷിക്കുന്നത് സമീപത്ത് മീൻ പിടിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കണ്ടത്. എന്താണെന്ന് ചെന്ന് നോക്കിയപ്പോഴാണ് പിഞ്ചുകുഞ്ഞാണെന്ന് മനസിലായത്.
ഉടൻ സമീപവാസികളെ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം മൂന്നാഴ്ചയോളം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.