വൈക്കം: വൈക്കം ചെന്പ് കാട്ടാന്പള്ളി ഭാഗത്ത് വേന്പനാട് കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു.
ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആശാ വർക്കർമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കുന്ന വിവരമൊന്നും ലഭിച്ചിട്ടില്ല.
ഈ സാഹചചര്യത്തിൽ പോലീസ് സോഷ്യൽ മീഡിയയിലടക്കം പ്രചരണം നടത്തിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കായലിൽ കൊണ്ടുവന്നിട്ടതാണെന്ന സംശയത്തിലാണ് പോലീസ്.
ഇതോടെ അന്വേഷണം മറ്റ് ജില്ലകളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവിഹിതമായി ഗർഭം ധരിച്ചവർ ആശുപത്രിയേയോ ആരോഗ്യ പ്രവർത്തകരേയോ സമീപിക്കാതെ രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ കൊലപ്പെടുത്തി കായലിൽ തള്ളിയതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ് പോലീസ് സംഘം. കേസ് അന്വേഷിക്കുന്നതിന് നാലു വിഭാഗങ്ങളായി തിരിഞ്ഞ് പോലീസ് ഏറെ പരിശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് ചെന്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാന്പള്ളി ഭാഗത്ത് കായലോരത്തിൽ രണ്ടാഴ്ചയോളം പ്രായമുള്ള പെണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുന്നു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്.
പൂർണ വളർച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ആന്തരികാവയങ്ങൾ പരിശോധനയ്ക്കു അയച്ചെങ്കിലും ഇതിന്റെ ഫലവും ലഭ്യമായിട്ടില്ല.
രാവിലെ കായലിൽ മൽസ്യബന്ധനത്തിനു പോകാൻ വന്ന മൽസ്യതൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൽസ്യങ്ങൾ കൊത്തിയ നിലയിലായിരുന്നു മൃതദേഹം.