ഗാന്ധിനഗർ: അടുക്കളയിലെ ബക്കറ്റിനുള്ളിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം ഇന്നു മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ ദുരുഹതയുള്ളതിനാൽ ഗാന്ധിനഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നു പോലീസ് പറഞ്ഞു.
കൈപ്പുഴ ശാസ്താങ്കൽ സ്വദേശിനിയായ 28കാരി യുവതിയാണ് അമിത രക്തസ്രാവത്തെതുടർന്നു മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ ഇന്നലെ ഉച്ചയോടെ ചികിത്സയ്ക്കെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തി. ഇതേക്കുറിച്ച് ഡോക്ടർ ചോദിച്ചപ്പോൾ പ്രസവിച്ചെന്നും കുട്ടി മരിച്ചെന്നുമാണ് യുവതി ആശുപത്രിയിൽ അറിയിച്ചത്. അസ്വാഭാവിക സംഭവമായതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു.
ഗാന്ധിനഗർ പോലീസ് എത്തി യുവതിയുടെ മൊഴിയെടുത്തശേഷം കൈപ്പുഴയിലെ വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ ഒരുബക്കറ്റിനുള്ളിൽ ആണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നു യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മരണവിവരം മറച്ചുവച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടം കിട്ടിയാൽ മാത്രമേ കുഞ്ഞിന്റെ മരണം കൊലപാതകമാണോ സ്വാഭാവിക മരണമാണോയെന്നു സ്ഥിരീകരിക്കാനാവൂ.
ഓണത്തിന്റെ അവധിക്കായാണ് രണ്ടു മാസം മുന്പു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി കൈപ്പുഴയിലെ വീട്ടിലെത്തിയത്. ഇവരുടെ ഭർത്താവ് രണ്ടു വർഷം മുന്പു ഉപേക്ഷിച്ചു പോയിരുന്നു. വീട്ടിലെത്തിയെങ്കിലും ഇവർ ഗർഭിണിയാണ് എന്ന വിവരം വീട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും മറച്ചു വച്ചിരുന്നതായി പോലീസ് പറയുന്നു. പ്രസവതീയതി അടുത്തതോടെ ഇവർ ഇടയ്ക്ക് ഡൽഹിയിലേക്കു പോകാൻ ശ്രമവും നടത്തിയിരുന്നു.
ഇന്നലെ അച്ഛനും അമ്മയും ജോലിക്കു പോയിരുന്നു. ഉച്ചയോടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി പ്രസവിക്കുകയായിരുന്നു. തുടർന്ന് അമിത രക്തസ്രാവമുണ്ടായതായി പറഞ്ഞ് അച്ഛനെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഇതിനിടെ കുട്ടി മരിച്ചതായും, കുട്ടിയെ ബക്കറ്റിനുള്ളിൽ ഒളിപ്പിച്ചതായുമാണ് യുവതി പോലീസിനു മൊഴി നല്കിയിരിക്കുന്നത്.
ഗാന്ധിനഗർ സിഐ അനൂപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.