കാഞ്ഞിരപ്പള്ളി: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്ത്മലയില് സുരേഷ് – നിഷ ദമ്പതികളുടെ ആറാമത്തെ ആൺകുട്ടിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ സമയത്ത് മാതാവ് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് ജോലിക്കുപോയിരുന്നു. കുട്ടി ജനിച്ച വിവരം അയല്‍വാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു.
സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
നിറുത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ വേണ്ടി കുഞ്ഞിനെ ബക്കറ്റിലിടാന്‍ താന്‍ മൂത്ത പെണ്‍കുട്ടിയോടു പറയുകയായിരുന്നുവെന്നാണ് അമ്മ നിഷ നല്കിയ പ്രാഥമിക മൊഴിയെന്നു പോലീസ് അറിയിച്ചു.
ശുചിമുറിയില്‍ വെള്ളം ശേഖരിക്കുന്നതിനായി വച്ചിരുന്ന മുകള്‍ ഭാഗം മുറിച്ച ജാറിലാണ് മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുള്ള സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ് നിരീക്ഷണത്തില്‍ അമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം ഉള്‍പ്പെടെയുള്ള സംഭവം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
മരിച്ച കുട്ടിയെ കൂടാതെ ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. 15, അഞ്ച്, മൂന്ന് വയസുകളുള്ള മൂന്നു പെണ്‍കുട്ടികളും ഒന്‍പത്, ഒന്നര വയസുകളുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഒരുമുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. അധികം പുറത്തിറങ്ങാതെ കഴിയുന്ന ഇവര്‍ ഗര്‍ഭിണിയായ വിവരം മറച്ചുവച്ചിരുന്നു.