കോഴഞ്ചേരി: യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായ യുവാവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കുമെന്ന് പോലീസ്.
അപൂര്‍വമായ കേസായതിനാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസിലാണ് ഭര്‍ത്താവ് കുറുന്താര്‍ തേവള്ളിയില്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) അറസ്റ്റിലായത്.
അണുബാധ
കഴിഞ്ഞ ജൂണ്‍ 27ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സിയിലിരിക്കവേയാണ് അനിത മരിച്ചത്. മേയ് 19നാണ് അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു അനിത. വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു മരണം.
ഗര്‍ഭസ്ഥ ശിശു വയറ്റിനുള്ളില്‍ മരിച്ചു കിടന്നതാണ് അണുബാധയ്ക്കു കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ആറന്മുള പോലീസ് കേസെടുത്തത്.
പരാതി
മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പോലീസിലും പരാതി നല്‍കിയിരുന്നു.
അനിതയ്ക്കും ജ്യോതിഷിനും ഒന്നര വയസുള്ള ഒരു മകന് കൂടിയുണ്ട്. കുഞ്ഞിനു ജന്മനാ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു.
വീണ്ടും ഗര്‍ഭിണിയായ വിവരം മറച്ചുവയ്ക്കാന്‍ അനിതയെ ജ്യോതിഷ് പ്രേരിപ്പിച്ചിരുന്നതായി പറയുന്നു. ഭ്രൂണഹത്യയ്ക്ക് ചില ദ്രാവകങ്ങള്‍ അനിതയ്ക്കു ജ്യോതിഷ് നല്‍കിയിരുന്നതായും പറയുന്നു.
ചില പച്ചില ദ്രാവകങ്ങളും ജ്യൂസും നല്‍കിയാണ് ഇയാള്‍ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. ഇതു കാരണമാകാം കുട്ടി മരിച്ചതെന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത്.
മർദനം
സ്കാനിംഗ് റിപ്പോര്‍ട്ടില്‍ കുഞ്ഞ് ദിവസങ്ങളായി വയറ്റില്‍ മരിച്ചുകിടക്കുകയായിരുന്നുവെന്ന് പറയുന്നു. എത്രയും വേഗം യുവതിയെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ പുറത്തെടുക്കണമെന്ന് സ്കാനിംഗിനേ തുടര്‍ന്നു നിര്‍ദേശമുണ്ടായതാണ്.
എന്നാല്‍ അനിതയെ ആശുപത്രിയിലെത്തിക്കാന്‍ ഇയാള്‍ തയാറായില്ല. പൂര്‍ണ ഗര്‍ഭിണിയായ അനിതയെ ജ്യോതിഷ് മര്‍ദിച്ചിരുന്നതായും ബന്ധുക്കളുടെ പരാതിയിലുണ്ട്.
ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിക്കയറ്റിയായിരുന്നു മര്‍ദനം. ബന്ധുക്കളുടെ നിര്ബന്ധത്തേതുടര്ന്നാണ് അനിതയെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ചശേഷം ഇയാള്‍ അനിതയുടെ പേരില്‍ പണപ്പിരിവ് നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു. ഈ പണം യുവതിയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചിട്ടുമില്ല.
പ്രേമത്തിനൊടുവിൽ
പ്രേമബന്ധത്തിലായിരുന്നു ജ്യോതിഷും അനിതയും തമ്മിലുള്ള വിവാഹം മൂന്നുവര്‍ഷം മുമ്പായിരുന്നു. വിവാഹത്തിനു നല്കിയ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വില്പന നടത്തിയതായും ജോലി ഉപേക്ഷിച്ച് യുവതിയുടെ വീട്ടില്‍ ജ്യോതിഷ് കഴിഞ്ഞുവരികയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ആറന്മുള എസ്എച്ച്ഒ സി.കെ. മനോജ്, എസ്ഐമാരായ അനിരുദ്ധന്, ഹരീന്ദ്രന്‍ എഎസ്ഐ അനില്‍, വനിത ഓഫീസര്‍ സുജ അല്‍ഫോണ്‍സ് എന്നിവര്‍ ചേര്‍ന്നാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.