വൈക്കം: ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപ കാലത്ത് ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ആശുപത്രികളിൽ നിന്നുമാണ് കുട്ടികളുണ്ടായവരുടെ വിവരങ്ങൾ ശേഖരിച്ചത്. ഓഗസ്റ്റ് മൂന്നിനാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനു 10 ദിവസം മാത്രമേ പ്രായമുള്ളൂവെന്നും കണ്ടെത്തിയിരുന്നു. പോലീസ് ശേഖരിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങൾ ഒപ്പമില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നത്.
അതേസമയം ആശാ പ്രവർത്തകരോട് ഫോണിൽ ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും മൃതദേഹം ഒഴുകിയെത്തിയതെന്ന നിഗമനവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മരണകാരണം വ്യക്തമാകുന്നതിനായി ആന്തരിക അവയവ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബിന്റെ പ്രവർത്തനം പൂർണമായി നടക്കാത്തതിനാലാണ് പരിശോധന ഫലം വൈകുന്നത്. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.