പുതുതായി ഒരു ശിശു ജനിക്കുമ്പോള്‍ പുതുതായി ഒരമ്മയും ജനിക്കുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ എങ്ങനെയെല്ലാം പരിചരിക്കണം എന്നതിൽ പലർക്കും ആശങ്കകളുണ്ട്.
അണുകുടുംബങ്ങളും ഉറക്കമില്ലാത്ത രാത്രികളും അശാസ്ത്രീയമായി പലരും നല്കുന്ന ഉപദേശങ്ങളുമെല്ലാം ചില മാതാപിതാക്കളെയെങ്കിലും മാനസിക സംഘര്‍ഷത്തില്‍ എത്തിക്കാറുണ്ട്.
1. കുഞ്ഞിന് എപ്പോഴെല്ലാം പാല് നല്‍കണം, എത്ര മണിക്കൂര്‍ ഉറങ്ങണം?
കുട്ടിക്ക് ആദ്യ കുറച്ചു ദിവസങ്ങളില്‍ രണ്ട് – മൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല് നല്‍കേണ്ടതാണ്. അതിനുശേഷം കുഞ്ഞ് വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ പാല് നല്‍കുക (feeding on demand).
ഒരു സ്തനത്തിലെ പാല് പൂര്‍ണമായി നല്‍കിയതിനു ശേഷവും വിശപ്പ് തോന്നുന്നുണ്ടെങ്കില്‍ അടുത്ത സ്തനത്തില്‍ നിന്ന് പാല് നല്‍കാവുന്നതാണ്.
ദിവസം 6 തവണയെങ്കിലും മൂത്രം പോകുകയും ക്രമാതീതമായി തൂക്കം വയ്ക്കുകയും ആവശ്യത്തിന് ഉറക്കവും കിട്ടുന്നുണ്ടെങ്കില്‍ കുഞ്ഞിന് പാല് തികയുന്നുണ്ടെന്ന് മനസിലാക്കാം.
പൂര്‍ണ ആരോഗ്യവാനായ കുഞ്ഞ് ദിവസത്തില്‍ 14മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങുന്നു. നമ്മള് ഉറങ്ങുന്നതു പോലെയുള്ള ഒരു ദിനചര്യയിലേക്ക് കുട്ടി മാറണമെങ്കില്‍ മാസങ്ങളെടുക്കും.
2. കുഞ്ഞിന് പാല് കിട്ടുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം?
കുഞ്ഞിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അമൃതാണ് മുലപ്പാൽ.. അത് തികയുമോ എന്ന് ആലോചിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല. ആദ്യ ദിവസങ്ങളിലെ കൊളസ്ട്രം കുഞ്ഞിന് നല്‍കുകയും തുടരെ മുല വലിച്ചുകുടിക്കാന്‍
അനുവദിക്കുകയും ചെയ്താല്‍ പാല് ഉല്പാദനം കൂടുന്നു.
പാൽ കുടിച്ചുകഴിഞ്ഞ് സുഖകരമായി ഉറങ്ങുകയും ആറ് തവണയെങ്കിലും ദിവസത്തില്‍ മൂത്രമൊഴിക്കുകയും തൂക്കം വയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കുഞ്ഞിനു പാല് തികയുന്നുണ്ടെന്ന് മനസിലാക്കാം
. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ആശങ്കകള്‍ ഒഴിവാക്കുകയും പാല് കൊടുക്കുമ്പോള്‍ വേണ്ട സ്വകാര്യതയും ആവശ്യത്തിനുള്ള വിശ്രമവും ഉറപ്പു വരുത്തുകയും ചെയ്താല്‍ മുലയൂട്ടല്‍ അമ്മയ്ക്ക് ആനന്ദകരമായ അനുഭവമാകും.
3. കുഞ്ഞ് കരയുമ്പോഴൊക്കെ പാല് കൊടുക്കേണ്ടതുണ്ടോ?
നവജാത ശിശുവിന്റെ ആശയവിനിമയ മാര്‍ഗം കരച്ചില് മാത്രം ആയതിനാല്‍ എല്ലാ കരച്ചിലും പാല് കുടിക്കാന്‍ ആകണമെന്നില്ല.
മൂത്രമൊഴിച്ച് തുണി നനഞ്ഞാലോ, തണുത്താലോ, വയറു വേദനയോ ചെവി വേദനയോ ഉണ്ടായാലോ കുഞ്ഞ് കരയും. ഒരമ്മയ്ക്ക് ആദ്യ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് എന്തിനു വേണ്ടിയാണു കരയുന്നത് എന്നു മനസിലാക്കാന്‍ കഴിയുന്നു. 2 – 3 മണിക്കൂര്‍ ഇടവിട്ട് പാല് നല്‍കുന്നതാകും കൂടുതല്‍ നല്ലത്.
4. ഇക്കിള്, തുമ്മല്‍, കമട്ടല്‍ ഇവയ്ക്ക് ചികിത്സ ആവശ്യമുണ്ടോ?
ജലദോഷമോ മറ്റു അണുബാധയോ ഇല്ലാത്ത പൂര്‍ണ ആരോഗ്യവാന്മാരായ കുട്ടികളില്‍ പോലും ഇടയ്ക്കിടയ്ക്ക് തുമ്മല്‍, ഇക്കിള് എന്നിവ കാണാറുണ്ട്.
ഇവ ചികിത്സ ആവശ്യമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അല്ല. അന്നനാളത്തിലെ താഴേ അറ്റത്തുള്ള പേശികളുടെ ബലക്കുറവു കൊണ്ടാണ് സാധാരണ കമട്ടല്‍ സംഭവിക്കുന്നത്. ഇത് സാധാരണ നിലയില്‍ തൂക്കം വയ്ക്കുന്ന കുട്ടികളില്‍ ഒരു അസുഖം ആയി കാണേണ്ടതില്ല.
(തുടരും)
വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം