വടക്കഞ്ചേരി: ശ്വാസതടസ്സം മൂലം അസ്വസ്ഥത പ്രകടിപ്പിച്ച ആറു മാസം പ്രായമായ പെണ്‍കുഞ്ഞിന് രക്ഷകരായി പഞ്ചായത്ത് മെന്പറും വടക്കഞ്ചേരി ഫയർഫോഴ്സും.
വണ്ടാഴി നീർച്ചാൽ രാജൻ ചന്ദ്രിക ദന്പതികളുടെ കൈ കുഞ്ഞിനെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് ഇടപ്പെട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
ഫയർ ഉദ്യോഗസ്ഥരായ പി.ആർ. വികാസ്, വി.എസ്.സുധൻ, കെ.എസ്.സുബൈർ എന്നിവരാണ് പഞ്ചായത്ത് അംഗം രമ്യ പ്രമോദിനൊപ്പം രക്ഷകരായത്.
ശ്വാസതടസ്സം മൂലം ഒരാഴ്ച മുന്‍പും കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് വിധേയയാക്കിയിരുന്നു. രോഗം ഭേതപ്പെട്ടതിനെ തുടർന്നാണ് വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ ഇന്നലെ ശ്വാസതടസ്സം മൂലം കുട്ടി ഏറെ അസ്വസ്ഥയായി.
ഇതേ തുടർന്നാണ് മാതാപിതാക്കൾ മെന്പറെ വിളിച്ചത്. ലോക്ക് ഡൗണായതിനാൽ മറ്റു വാഹനങ്ങളിൽ കുട്ടിയെ കൊണ്ട് പോകുന്നത് പരിശോധനകൾക്കും അതുവഴി ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാൻ വൈകുമെന്നതിനാലാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.