കോഴിക്കോട്: പള്ളിമുറ്റത്ത് മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതവിനെ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ 21 വയസുകാരിയെയാണ് ഇന്നലെ പന്നിയങ്കര പോലീസ് കണ്ടെത്തിയത്. വിമാനതാവളത്തില്‍ ജോലിചെയ്യുന്ന യുവതി ബംഗളുരുവില്‍ നിന്നാണ് പ്രസവിച്ചതെന്നാണ് സൂചന.
അതേസമയം യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കാന്‍ പോലീസ് തയാറായില്ല. യുവതി തന്നെയാണോ കുഞ്ഞിന്റെ അമ്മയെന്ന് സ്ഥിരീകരിച്ച ശേഷമേ തുടര്‍നടപടികളുണ്ടാവൂ എന്ന് പന്നിയങ്കര ഇന്‍സ്പക്ടര്‍ ഇ.രമേഷ് പറഞ്ഞു.
മൂന്നു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പന്നിയങ്കര പള്ളിയില്‍ ഉപേക്ഷിച്ച മാന്യ മഹിള’ എന്ന പേരില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി യുവതിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന ഫോട്ടോയിലുള്ള യുവതിയല്ല കുഞ്ഞിന്റെ മാതാവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതിനു പിന്നാലെയാണിപ്പോള്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് പന്നിയങ്കരയ്ക്കടുത്ത മാനാരി തിരുവച്ചിറയ്ക്ക് സമീപത്തെ ഇസ്ലാഹിയ പള്ളിയ്ക്കു മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. കോഴിക്കോട്ടേയും മറ്റു സമീപ ജില്ലകളിലേയും ആശുപത്രികളില്‍ പ്രസവിച്ചവരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും വഴി അന്വേഷണം നടത്തിയിരുന്നു.
അതിനൊടുവിലാണ് ഇന്നലെ യുവതിയെ കണ്ടെത്തിയത്. ആരോഗ്യനില തൃപ്തികരമായ കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ നിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സെന്റ് വിന്‍സണ്‍ ഹോമിലേക്ക് മാറ്റിയിരുന്നു.