അങ്കമാലി: പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഷൈജു തോമസിന് (40) എതിരെ ശക്തമായ തെളിവുകളുമായി പോലീസ്. കുഞ്ഞിനോടുള്ള ദേഷ്യവും പിതൃത്വത്തിലുള്ള സംശയവും മൂലം മാസങ്ങളായി തുടർന്നു വരുന്ന മർദനങ്ങളുടെ വിശദ വിവരങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ശിശുക്ഷേമ സമിതി സെക്രട്ടറിയോട് കുഞ്ഞിന്റെ മാതാവ് വിവരിച്ചിട്ടുണ്ട്.
തികഞ്ഞ മദ്യപാനിയായ ഷൈജു സംശയരോഗം മൂലം ഭാര്യയെ മർദിക്കുമായിരുന്നെന്നും തടയാൻ ശ്രമിക്കുന്ന മാതാവിനേയും സഹോദരിയേയും ആക്രമിക്കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വെറും 54 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ ഭർത്താവ് മിക്കപ്പോഴും ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ഭാര്യ പറയുന്നത്.
തന്റെ കുഞ്ഞല്ല ഇതെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവം നടന്നദിവസം കുഞ്ഞിന്റെ മുഖത്ത് ആഞ്ഞടിച്ചശേഷം കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.നേപ്പാൾ സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ. ഭർത്താവിനെ തനിക്ക് വേണ്ടെന്നും നേപ്പാളിലേക്ക് തിരിച്ചുപോകണമെന്നുമാണ് അവർ പറയുന്നത്.
ഫേസ്ബുക്കിലൂടെയാണ് നേപ്പാൾ സ്വദേശിയായ യുവതിയെ അധ്യാപകനെന്ന വ്യാജേന ഇയാൾ പരിചയപ്പെട്ടത്.പ്രത്യേകിച്ച് ഒരു ജോലിയോ നാട്ടിൽ പരിചയക്കാരുമില്ലാത്ത ഇയാൾ ഒരു വർഷം മുൻപാണ് യുവതിയെ വിവാഹം കഴിച്ചത്.
തുടർന്നാണ് അങ്കമാലിയിൽ താമസം തുടങ്ങിയത്. സംശയ രോഗം മൂലം അയൽപക്കക്കാരോട് പോലും ഇടപെടുന്നത് വിലക്കിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി ഷൈജുവിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. തലയിൽ കട്ട പിടിച്ച രക്തം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. കുട്ടി തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ച് തുടങ്ങി എന്നാണ് ഡോക്ടർ പറയുന്നത്. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്.